മകരവിളക്ക് ഒരുക്കത്തിനിടെ ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടിയുമായി കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന സമയമായ മകരവിളക്കിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് കോർപറേഷൻ. ജനുവരി 11ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. പനവിളയിലെ എസ്.പി ഗ്രാന്‍റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ എല്ലാ സോണൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരും ക്ലസ്റ്റർ ഓഫിസർമാരും ഒരു ക്ലസ്റ്ററിൽ നിന്ന് ഒന്നുവീതം അസി. ക്ലസ്റ്റർ ഓഫിസർമാരുമാണ് പങ്കെടുക്കേണ്ടത്.
രാവിലെ തന്നെ പരിശീലനം ആരംഭിക്കുന്നതിനാൽ അകലെയുള്ള മിക്ക ഉദ്യോഗസ്ഥരും തലേദിവസം തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിരുന്നു. വൈകീട്ട് അവസാനിക്കുന്നതിനാൽ പിറ്റേന്ന് ജോലിക്ക് എത്താനാകുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ എന്നീ പ്രധാന പരിപാടികൾ നടക്കുന്ന സമയത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സർവിസുകളെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം പോലും നൽകാൻ കഴിയാത്ത കോർപറേഷൻ മേധാവികൾ വരുമാന വർധനക്ക് ശ്രമിക്കേണ്ട സമയത്ത് പരിശീലനമെന്ന പേരിൽ ഉയർന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിനിർത്തുന്നത് കെ.എസ്.ആർ.ടി.സിക്ക് ഗുണകരമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

