അധിക വരുമാനം ലക്ഷ്യംവെച്ച് കെ.എസ്.ആർ.ടി.സി; പരസ്യം ഉൾപ്പെടെ പ്രദർശിപ്പിക്കാൻ ഓർഡിനറി ബസുകളിൽ ടെലിവിഷൻ!
text_fieldsകെ.എസ്.ആർ.ടി.സി ബസ്
തിരുവനന്തപുരം: നഷ്ടത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി അധിക വരുമാനം ലക്ഷ്യംവെച്ച് ബസുകളിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. സർവീസ് വരുമാനത്തിന് പുറമെ പരസ്യങ്ങൾ പ്രദർശിപ്പിച്ച് അധിക വരുമാനം നേടാനായി സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടെലിവിഷൻ സ്ഥാപിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി. ഇതിനായി 32 ഇഞ്ചിന്റെ 500 ടി.വികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 500 ബസുകളിൽ സ്ഥാപിക്കും. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
തുടക്കത്തിൽ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി സർവീസുകളിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ പിന്നീട് മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. ടി.വിയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളുടെ വരുമാനം കണ്ടെത്തിയാണ് കരാർ കമ്പനി ഇവ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുക. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ടെലിവിഷൻ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും അടക്കമുള്ള എല്ലാം കരാറ് കമ്പനി ചെയ്യുംവിധമാണ് പദ്ധതി. പ്രതിമാസം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതശതമാനം കരാർ കമ്പനി കെ.എസ്.ആർ.ടി.സിക്ക് നൽകുകയും ചെയ്യും.
തുടക്കത്തിൽ സൂപ്പർഫാസ്റ്റ്, ഓർഡിനറി ബസുകളിൽ സ്ഥാപിക്കുന്ന ടി.വികൾ ഡ്രൈവർ സീറ്റിന് പിറകിലായി യാത്രക്കാർക്ക് കാണാവുന്ന രീതിയിലായാണ് സ്ഥാപിക്കുക. ടി.വിയിൽ പരസ്യത്തിന് പുറമെ വാർത്ത, ബസ് സഞ്ചരിക്കുന്ന വഴിയിലെ വിവരങ്ങൾ, എത്തിയ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്, ബസ് സമയം, കെ.എസ്.ആർ.ടി.സിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ എന്നിവയാണ് തുടക്കത്തിൽ പ്രദർശിപ്പിക്കുക. എന്നാൽ, വീഡിയോ ഉൾപ്പെടെയുള്ള ഉള്ളടക്കം കോർപറേഷന്റെ അംഗീകാരത്തോടെ മാത്രമേ പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

