പുനഃക്രമീകരണവുമായി കെ.എസ്.ആർ.ടി.സി; മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായി ബസ് സർവിസുകൾ ഓപറേറ്റ് ചെയ്യുന്നതിന് കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ തിരക്കേറിയ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ കൂടുതൽ സർവിസുകൾ നടത്തും.
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പരമാവധി ഓർഡിനറി/ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവിസ് നടത്തും. 12 മണിക്കൂർ സ്പ്രെഡ് ഓവറിൽ തിരക്കുള്ള സമയമായ രാവിലെ ഏഴ് മുതൽ 11 വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെയും രണ്ട് സമയങ്ങളിലായി ഏഴ് മണിക്കൂർ 'സ്റ്റീറിങ് മണിക്കൂർ' വരുന്ന രീതിയിൽ സിംഗിൾ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും. രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയവും രാവിലെ ഏഴിന് മുമ്പും വൈകീട്ട് ഏഴിന് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ജീവനക്കാരുടെ സിംഗിൾ ഡ്യൂട്ടി ക്രമീകരിക്കും. ഡബ്ൾ ഡ്യൂട്ടി സമ്പ്രദായം 20 ശതമാനത്തിലധികം ജീവനക്കാർക്ക് അനുവദിക്കില്ല.
60 ശതമാനം ദീർഘദൂര സർവിസുകൾ ഓപറേറ്റ് ചെയ്യും. പരിമിതമായ ഓർഡിനറി സർവിസുകളും ഓപറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽ നിന്നും ഒരേസമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്ക് സർവിസ് നടത്തില്ല. ഒരേ റൂട്ടിൽ 15 മുതൽ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും. സ്റ്റാൻഡ് ബൈയിൽ വരുന്ന ജീവനക്കാർ അവരുടെ ഷെഡ്യൂൾ ഡ്യൂട്ടിക്ക് ഹാജരാകണം. സ്റ്റാൻഡ് ബൈ ഹാജറിന് അർഹതയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർദിനത്തിൽ ഒരു ഡ്യൂട്ടി എന്ന ക്രമത്തിൽ അനുവദിക്കും.
കെ.എസ്.ആർ.ടി.സി ബസിലെ യാത്രയിലുടനീളം യാത്രക്കാർ മാസ്ക് ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പുവരുത്തും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. തർക്കമുണ്ടായാൽ പൊലീസിെൻറ സഹായവും ഉറപ്പാക്കും. ശരിയായ രീതിയിൽ മാസ്ക് ധരിച്ച യാത്രക്കാരെ മാത്രമേ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കൂവെന്ന ബോർഡ് എല്ലാ ബസുകളിലും ബസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

