Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതനിച്ച് യാത്ര ചെയ്ത...

തനിച്ച് യാത്ര ചെയ്ത വനിതക്ക് ഒമ്പത് ടിക്കറ്റ് നൽകി കണ്ടക്ടർ; പ്രിയദർശിനിയിൽ പരിശോധന കർശനമാക്കി കെ.എസ്.ആർ.ടി.സി; പിടികൂടിയാൽ പിരിച്ചുവിടും

text_fields
bookmark_border
തനിച്ച് യാത്ര ചെയ്ത വനിതക്ക് ഒമ്പത് ടിക്കറ്റ് നൽകി കണ്ടക്ടർ;  പ്രിയദർശിനിയിൽ പരിശോധന കർശനമാക്കി കെ.എസ്.ആർ.ടി.സി; പിടികൂടിയാൽ പിരിച്ചുവിടും
cancel
camera_alt

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഓർഡിനറി ബസുകളിൽ പരിശോധന കർശനമാക്കി. നിലവിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് ഇൻസ്പെക്ടർമാർ പ്രധാനമായും പരിശോധന നടത്തുന്നത്. ഇനി ഓർഡിനറികളിൽ കൂടുതൽ പരിശോധന വേണമെന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നിർദേശം നൽകി. ക്രമക്കേടുകൾ പിടികൂടിയാൽ പിരിച്ചുവിടലടക്കം കർശന നടപടിയുണ്ടാകുമെന്ന താക്കീതുമായി ഗതാഗത മന്ത്രി സി.പി. ജോണും രംഗത്തെത്തി.

പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമായാണ് ഇത്തരം നീക്കങ്ങളെ ഗതാഗത വകുപ്പ് കാണുന്നത്. പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകുന്നതും എണ്ണം കൂട്ടിക്കാണിക്കാൻ ഗ്രൂപ്പ് ടിക്കറ്റിൽ കൃത്രിമം നടത്തുന്നതുമടക്കം തട്ടിപ്പുകളിൽ കർശന നടപടി സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകി.ജൂലൈ ആദ്യം തിരുവനന്തപുരം നഗരത്തിൽ നടന്ന പരിശോധനയിൽ ഗ്രൂപ്പ് ടിക്കറ്റ് വിതരണത്തിൽ തിരിമറി കണ്ടെത്തിയിരുന്നു.

തനിച്ച് യാത്ര ചെയ്ത വനിത യാത്രക്കാരിക്ക് കണ്ടക്ടർ ഒമ്പത് ടിക്കറ്റ് നൽകിയതായി പരാതി ഉയർന്നതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് വ്യാപക ക്രമക്കേട് സ്ഥിരീകരിച്ചത്. യാത്രക്കാരുടെ എണ്ണം കൂട്ടിക്കാണിക്കാനാണ് ഗ്രൂപ്പ് ടിക്കറ്റ് നൽകുന്നത്. എറണാകുളത്താണ് പുരുഷ യാത്രക്കാരന് പ്രിയദർശിനി ടിക്കറ്റ് നൽകിയത്.

തലസ്ഥാനത്തും പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയത് കണ്ടെത്തിയെങ്കിലും തിരക്കിനിടയിൽ പിഴവ് പറ്റിയതാണെന്ന നിഗമനത്തിൽ താക്കീത് നൽകുകയായിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ സമാനരീതി ശ്രദ്ധയിൽപെട്ടതോടെയാണ് ബോധപൂർവമുള്ള ക്രമക്കേടാണെന്ന വിലയിരുത്തലിലേക്ക് സർക്കാർ എത്തിയത്.

ഇൻസ്പെക്ടർമാരുടെ കുറവ് വെല്ലുവിളി

ഇൻസ്പെക്ടർമാരുടെ ക്ഷാമം ബസുകളിലെ പരിശോധന നിലയ്ക്കാനും ക്രമക്കേട് വ്യാപകമാകാനും കാരണമാകുന്നു. 789 ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 311 പേരാണുള്ളത്. പകുതിയിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്റ്റേഷൻ മാസ്റ്റർമാരുടെ കുറവ് നികത്താൻ ഇൻസ്പെക്ടർമാരെയാണ് വിന്യസിച്ചത്. ഇതാണ് ഇൻസ്പെക്ടർമാരുടെ എണ്ണം കുറയാനുള്ള ഒരു കാരണം. ദിവസം 4600 ബസുകളാണ് നിരത്തിലിറങ്ങുന്നത്.

3,125 ഓർഡിനറി ബസുകൾ ഇരട്ടിയിലധികം യാത്രക്കാരുമായാണ് ഇപ്പോൾ ഓടുന്നത്. 600 കിലോമീറ്ററിന് ഒരു ഇൻസ്പെക്ടർ വീതം വേണമെന്നാണ് വ്യവസ്ഥ. ഒരാൾ ദിവസം 16 ബസുകളാണ് പരിശോധിക്കേണ്ടത്. 2010ൽ തസ്തിക നിർണയിച്ചതിന്റെ അനുപാതം കണക്കിലെടുത്താൽ പോലും ഇതിന് 2000 ഇൻസ്പെക്ടർമാർ വേണം.

പുരുഷന്മാര്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കിയാല്‍ നടപടി -മന്ത്രി

കണ്ണൂര്‍: പ്രിയദര്‍ശിനി ബസുകളില്‍ പുരുഷന്മാര്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. പ്രിയദര്‍ശിനി ബസുകളില്‍ ഓവര്‍ലോഡ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. 80 ശതമാനത്തോളം യാത്രക്കാര്‍ അധികമായി ബസുകളില്‍ കയറുന്ന സാഹചര്യമുണ്ട്. ഇവരോട് കയറേണ്ടെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഉത്സവകാലങ്ങളില്‍ സ്വകാര്യ വ്യക്തികളില്‍നിന്ന് ബസുകള്‍ വാടകക്ക് എടുക്കാൻ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 10 വര്‍ഷമായി കോര്‍പറേഷന്‍ പുതിയ ബസുകള്‍ വാങ്ങിയിട്ടില്ല. നിലവിലുള്ള ബസുകൾ പഴഞ്ചനായി മാറിക്കൊണ്ടിരിക്കുകയാണ്. നഷ്ടത്തിലാണെങ്കിലും സ്ഥിരമായ വരുമാനം നിലനിര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആര്‍.ടി ഓഫിസുകളുടെ പ്രവര്‍ത്തന സമയം നീട്ടാന്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായെന്നും മന്ത്രി വെളിപ്പെടുത്തി. നിലവില്‍ ഉച്ചക്ക് ഒരുമണിക്ക് ശേഷം പല ഓഫിസുകളും പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ട്. വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ ആവശ്യക്കാര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conductorKSRTCFree Travel For WomenPriyadarshini
News Summary - KSRTC tightens checks in Priyadarshini, says will dismiss if caught
Next Story