Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിട്ടയായ പ്രവർത്തനങ്ങൾക്ക് ഫലം; ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടിയുടെ വർധനവുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
ചിട്ടയായ പ്രവർത്തനങ്ങൾക്ക് ഫലം; ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടിയുടെ വർധനവുമായി കെ.എസ്.ആർ.ടി.സി
cancel

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ വർധനയുമായി കെ.എസ്.ആർ.ടി.സി. ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് വലിയ നേട്ടമാണുണ്ടായത്. 22ന് 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവിസുകളുടെ വരുമാനം മാറ്റിയാലും മറ്റു സർവിസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാൻ കോർപറേഷന് കഴിഞ്ഞു. ​ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് വരുമാനത്തിന് കാരണമായത്.

വെറ്റ് ലീസ് ബസുകൾ ഉൾപ്പെടുത്തി അന്തർസംസ്ഥാന സർവിസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവിസുകളുടെ വരുമാനം 7.33 കോടിയിലേക്ക് ഉയർന്നത്. ​കഴിഞ്ഞ വർഷം ഇതേ പൂജാ അവധിക്കാലത്തിന് ശേഷമുള്ള സമാന ദിവസത്തിൽ 9.41 കോടി രൂപയായിരുന്നു ആകെയുള്ള ടിക്കറ്റ് വരുമാനം. ഇക്കുറി ടിക്കറ്റ് വിൽപ്പനയിൽ 1.24 കോടി രൂപയിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി സർവിസുകളെ മാറ്റി നിർത്തിയാലും മികച്ച വരുമാനം നേടാനായത് സാധാരണ സർവിസുകളിലുൾപ്പെടെ കെ.എസ്.ആർ.ടി.സി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ നേട്ടമായാണ് കോർപറേഷൻ വിലയിരുത്തുന്നത്.

​വ്യാഴാഴ്ച 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്ററാണ് കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയത്. ഒരു കിലോമീറ്ററിന് ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 രൂപയായി ഉയർന്നു. അതുപോലെ ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനവും 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർധിച്ചു. ​ഒറ്റ ദിവസം കൊണ്ട് 30.61 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും ലഭ്യമായ ബസുകൾ കാര്യക്ഷമമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കോർപറേഷന്റെ തീരുമാനം.

അതേസമയം, പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെ.എസ്.ആർ.ടി.സി. ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും അധികൃതർ വ്യക്തമാക്കി. ടെൻഡർ നടപടികളിലൂടെ ഇത്തവണ കെ.എസ്.ആർ.ടി.സി പെയ്മെന്‍റുകൾ ഏൽപ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണ്. യൂണിയൻ ബാങ്ക് വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് അന്വേഷണ റിപ്പോർട്ട് കെ.എസ്.ആർ.ടി.സിക്ക് നൽകും. കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടത്. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ അഞ്ചു ബസുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസക്ക് സമീപം മാറ്റിയിടുകയും പിന്നീട് യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC Ticket Sales Rise by ₹1.24 Crore
Next Story