അധ്യാപിക ടിക്കറ്റെടുക്കാന്‍ മറന്നു; ടിക്കറ്റ് പരിശോധകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു
text_fieldsകോലഞ്ചേരി: യാത്രക്കിടെ ഉറങ്ങിപ്പോയ അധ്യാപിക ടിക്കറ്റെടുക്കാന്‍ മറന്നു. മനപ്പൂര്‍വം ടിക്കറ്റെടുക്കാത്തതാണെന്നാരോപിച്ച് അപമാനിച്ച കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് പരിശോധകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
ഇന്ന് വൈകിട്ട് നാല് മണിയോടെ മൂവാറ്റുപുഴയില്‍ നിന്ന് പുറപ്പെട്ട മൂവാറ്റുപുഴ ഡിപ്പോയിലെ (ജെ.എന്‍-289 )കെ.എസ്.ആര്‍.ടി.സി നോണ്‍ എസി ബസിലാണ് സംഭവം. ബസില്‍ കയറിയ അധ്യാപികയുടെ സമീപം ടിക്കറ്റെടുക്കാനായി കണ്ടക്ടര്‍ എത്തിയിരുന്നില്ല. ഇതിനിടെ ഇവര്‍ ഉറങ്ങുകയും ചെയ്തു. ഉറക്കത്തിനിടെ മേക്കടമ്പിലെത്തിയപ്പോള്‍ തട്ടി വിളിച്ച് ചെക്കര്‍മാര്‍ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ഉറങ്ങിപ്പോയതിനാല്‍ ടിക്കറ്റെടുക്കാന്‍ മറന്നതാണെന്നും കണ്ടക്ടര്‍ തന്നോട് ടിക്കറ്റ് ചോദിച്ചില്ലെന്നും അധ്യാപിക അവരോട് മറുപടിയും പറഞ്ഞു. എന്നാല്‍ പരിശോധകർ വഴങ്ങിയില്ല.
പുത്തന്‍കുരിശിനുളള ടിക്കറ്റ് നല്‍കിയതിന് പിന്നാലെ അഞ്ഞൂറ് രൂപ ഫൈന്‍ അടക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തന്റെ കൈയില്‍ പണമില്ലെന്ന് അധ്യാപിക അറിയിച്ചെങ്കിലും ചെക്കര്‍മാര്‍ വഴങ്ങിയില്ല. മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് കളിയാക്കലും ആരംഭിച്ചു. ഇതിനിടെ എ.ടി.എം കാര്‍ഡുണ്ടെങ്കില്‍ എടുത്ത് നല്‍കാനും ഇതിനായി വഴിയരികില്‍ ബസ് നിര്‍ത്തി തരാമെന്നും ചെക്കര്‍മാര്‍ പറഞ്ഞു.
പുത്തന്‍കുരിശില്‍ അധ്യാപിക ഇറങ്ങിയപ്പോള്‍ പണം വാങ്ങി നല്‍കണമെന്ന ആവശ്യവുമായി ചെക്കര്‍മാരും കൂടെയിറങ്ങി. നിലവിളിച്ച് കൊണ്ട് ജംഗ്ഷനിലെ കടയില്‍ നിന്ന് അഞ്ഞൂറ് രൂപ കടമായി ആവശ്യപ്പെട്ട അധ്യാപികയോട് കടയുടമ കാര്യം തിരക്കി. കാര്യം പറഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. നാട്ടുകാര്‍ തടിച്ച് കൂടിയതോടെ പണം വാങ്ങാതെ ചെക്കര്‍മാര്‍ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
