
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്: 10 ദിവസത്തെ വരുമാനം 61 ലക്ഷം കടന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് 10 ദിവസത്തെ വരുമാനം 61,71,908 രൂപ. സർവിസ് ആരംഭിച്ച ഈമാസം 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ ഓടിയപ്പോഴുള്ള കണക്കാണിത്. എ.സി സ്ലീപ്പർ ബസിന് 28,04,403 രൂപയും എ.സി സീറ്ററിന് 15,66,415 രൂപയും നോൺ എ.സിക്ക് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.
നിലവിൽ 30 ബസുകളാണ് സർവിസ് നടത്തുന്നത്. എട്ട് എ.സി സ്ലീപ്പർ ബസുകളും ബംഗളൂരുവിലേക്കാണ് സർവിസ്. എ.സി സീറ്റർ ബസുകൾ പത്തനംതിട്ട-ബംഗളൂരു, കോഴിക്കോട്-ബംഗളൂരു എന്നിവിടങ്ങിലേക്കും അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് ഓടുന്നത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എ.സി സർവിസ്. പെർമിറ്റ് ലഭിക്കുന്ന മുറക്ക് 100 ബസുകളും സർവിസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.
