ഡ്രൈവറുമായി ‘അവിഹിതബന്ധ’മെന്ന് പരാതി, വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് കെ.എസ്.ആർ.ടി.സി; നടപടി വിവാദത്തിൽ
text_fieldsകൊല്ലം: ഡ്രൈവറുമായി ‘അവിഹിതബന്ധ’മുണ്ടെന്ന പരാതിയിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി നടപടി വിവാദമാകുന്നു. അവിഹിതബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്‍റെ ദൃശ്യങ്ങളുൾപ്പെടെ തെളിവായെടുത്താണ് കെ.എസ്.ആർ.ടി.സി അസാധാരണ നടപടിയെടുത്തത്.
ഡ്രൈവറുടെ ഭാര്യ, വനിതാ കണ്ടക്ടറും ഭർത്താവും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തെളിവായി ഭർത്താവിന്‍റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നൽകി. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സർവീസിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായെത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉത്തരവിറക്കുകയായിരുന്നു.
കൊല്ലത്തെ വനിതാ കണ്ടക്ടറാണ് അച്ചടക്ക നടപടി നേരിട്ടത്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. പക്ഷേ അതിലേക്കെത്തിയ അവിഹിതബന്ധ ആരോപണം വിവരിച്ചെഴുതിയ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവാണ് വിവാദത്തിലായത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പുണ്ടാക്കി എന്ന കാരണം പറഞ്ഞാണ് സസ്പെൻഷൻ. എന്നാൽ വനിതാ കണ്ടക്ടർക്കാണ് ഉത്തരവ് അവമതിപ്പുണ്ടായതെന്ന് ജീവനക്കാർ പറയുന്നു. അവിഹിതബന്ധ ആരോപണം വിശദമായി എഴുതി, വനിതാ കണ്ടക്ടറുടെ പേരും ഐ.ഡിയും സഹിതം ഉത്തരവിറക്കിയതിലെ അനൗചിത്യവും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

