കെ.എസ്.ആർ.ടി.സി പണിമുടക്ക്: ഡയസ്നോൺ ഉത്തരവിന് സ്റ്റേയില്ല
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഒരുദിവസം പണിമുടക്കിയ ജീവനക്കാർക്ക് മൂന്ന് ദിവസം ഡയസ്നോൺ പ്രഖ്യാപിച്ച ഉത്തരവിന് സ്റ്റേയില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) മേയ് എട്ടിന് നടത്തിയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് മൂന്നുദിവസത്തെ ഡയസ്‌നോൺ ഏർപ്പെടുത്തിയത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് പി. ഗോപിനാഥ് നിരസിച്ചത്.
ഡയസ്നോൺ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പണിമുടക്കിയ സംഘടന നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിശദീകരണത്തിന് കെ.എസ്.ആർ.ടി.സി സമയം തേടിയതിനെ തുടർന്ന് കേസ് മേയ് 29ലേക്ക് മാറ്റി.
ഏപ്രിൽ 18ന് മുൻകൂർ നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തിയത്. എന്നാൽ, പണിമുടക്കിയ ജീവനക്കാർക്ക് മേയ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഡയസ്നോൺ ഏർപ്പെടുത്തി ഈ ദിവസങ്ങളിലെ ശമ്പളം നിഷേധിച്ചു. ഒരുദിവസത്തെ പണിമുടക്കിന് മൂന്നു ദിവസത്തെ ശമ്പളം നിഷേധിച്ചത് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഡയസ്‌നോൺ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.