തിരുവനന്തപുരം: ഒാണക്കാലത്തേക്കാരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ സ്പെഷൽ സർവിസുകളിൽ ആളില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം-ചെന്നൈ സർവിസിെൻറ റിസർവേഷൻ നിർത്തിവെച്ചു. കർണാടക സർവിസുകളിലും പ്രതീക്ഷിച്ച ആളെ കിട്ടുന്നില്ലെന്നാണ് കെ.എസ്.ആർ.ടി.സി വിലയിരുത്തൽ. കോവിഡ് പേടി മൂലം പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ആളുകൾ മടിക്കുകയാണെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.
ട്രെയിനുകളുടെ അഭാവമുള്ളതിനാൽ ചെന്നൈയിലേക്കും തിരിച്ചും കൂടുതൽ യാത്രക്കാരെ കിട്ടുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. അതുകൊണ്ട് എല്ലാദിവസം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കും തിരിച്ചും ഒാരോ സർവിസുകൾ ഏർപ്പെടുത്തിയിരുന്നു.
ഒന്നും രണ്ടും വീതമാണ് ഒാരോ സർവിസിലെയും ബുക്കിങ്. ഇതോടെ പല ദിവസങ്ങളിലായി ബുക്ക് ചെയ്തിരുന്നവർക്ക് ഒറ്റ സർവിസ് എന്ന നിലയിൽ വ്യാഴാഴ്ച ചെന്നൈയിലേക്ക് ബസ് ക്രമീകരിച്ചിരിക്കുകയാണ്. തുടർ ദിവസങ്ങളിലുള്ള റിസർവേഷനും നിർത്തിവെച്ചിട്ടുണ്ട്.
കോവിഡ് ബാധയുണ്ടായാൽ ദീർഘകാലത്തേക്ക് ഡിപ്പോകൾ അടച്ചിടുന്നത് ഒഴിവാക്കണമെന്നാണ് ചീഫ് ഒാഫിസിെൻറ പുതിയ നിർദേശം. അണുനശീകരണം നടത്തി സാധ്യമാകുംവേഗത്തിൽ ഡിപ്പോകൾ തുറക്കണം.