കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നീല യൂണിഫോമിന് വിട; വീണ്ടും കാക്കിയാക്കി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും പരിഷ്കരിച്ച് ഉത്തരവിറങ്ങി. പുരുഷന്മാരായ കണ്ടക്ടർ, ഡ്രൈവർ എന്നിവർക്ക് കാക്കി പാന്‍റ്സും ഹാവ് സ്ലീവ് ഷർട്ടും വനിത കണ്ടക്ടർക്ക് കാക്കി ചുരിദാറും ഓവർകോട്ടുമാണ് യൂണിഫോം.
വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം ആണ് പരിഷ്കരിച്ചത്. സ്റ്റേഷൻ മാസ്റ്റർമാർക്കും കാക്കിയാണ് യൂണിഫോം. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നേവി ബ്ല്യു പാന്‍റ്സും നീല ഷർട്ടുമായിരിക്കും. കേരള ടെസ്റ്റൈൽസ് കോർപറേഷനാണ് യൂണിഫോമിന് ആവശ്യമായി 60,000 മീറ്റർ തുണി നൽകിയിട്ടുള്ളത്.
ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കാക്കി യൂണിഫോം തിരികെ ലഭിക്കുന്നത്. 2015ലാണ് കാക്കി മാറ്റി നീല കളറിലേക്ക് യൂണിഫോം പരിഷ്കരിച്ചത്. ജീവനക്കാർക്ക് കാക്കി യൂണിഫോം വേണമെന്ന നിർദേശം തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ചിരുന്നു. തുടർന്ന് കാക്കിയാക്കി പരിഷ്കരിക്കാൻ തീരുമാനിച്ചത്.