കെ.എസ്.ആര്.ടി.സി വിഭജനത്തിന് ഒരാഴ്ചക്കകം രൂപരേഖ
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കാന്‍ ഒരാഴ്ചക്കുള്ളില്‍ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രെൻറ ഉറപ്പ്. ഇൗ ഉറപ്പിെൻറ അടിസ്ഥാനത്തിൽ 15 ദിവസമായി ചീഫ് ഓഫിസില്‍ ഭരണാകൂല സംഘടനയായ കെ.എസ്.ആര്.ടി.ഇ.എ (സി.െഎ.ടി.യു) നടത്തിവന്ന സമരം പിന്‍വലിച്ചു. 2000 പ്രവർത്തകരെത്തി ചീഫ് ഒാഫിസ് ഉപരോധിച്ച സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെതന്നെ മന്ത്രി സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. സോണല്‍ ഓഫിസുകള്‍ ഏപ്രിലിനുള്ളില്‍ നിലവില്‍വരും.
ഇവയുടെ ഭരണം സംബന്ധിച്ച രൂപരേഖ കെ.എസ്.ആര്.ടി.സി തയാറാക്കണം. കെ.എസ്.ആര്.ടി.സി എം.ഡി എ. ഹേമചന്ദ്രന് സ്വകാര്യ സന്ദർശനത്തിനായി മുംബൈയില്‍ ആയതിനാല്‍ യോഗത്തിനെത്തിയില്ല. കെ.എസ്.ആര്.ടി.സിയെ മൂന്ന് മേഖലകളാക്കി തിരിച്ച് നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരെ മേധാവികളായി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആറുമുതല്‍ അസോസിയേഷന് സമരം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയെ വിഭജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസം മുമ്പ് എം.ഡി സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സി.െഎ.ടി.യു സമരം ശക്തമാക്കിയത്. എന്നാല്‍, നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തിട്ടില്ല. നാല് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരും ചീഫ് ഓഫിസില്‍ തുടരും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുടെ നിയമനത്തിന് നടപടി തുടരാനാണ് തീരുമാനം.
താൽക്കാലിക ജീവനക്കാരുടെ ദിവസശമ്പളത്തില്‍ 50 രൂപ വര്‍ധന വരുത്തുമെന്ന് ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി. ബസ് ബോഡി നിര്‍മാണം സ്വന്തം വർക്ഷോപ്പുകളിൽ ആരംഭിക്കും. 1000 പുതിയ ബസുകൾ നിരത്തിലിറക്കും. മെക്കാനിക്കൽ വിഭാഗത്തിലെ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കും. ഡി.എ കുടിശ്ശിക, ശമ്പളപരിഷ്കരണം എന്നിവ സംബന്ധിച്ച് കണ്‍സോർട്യം കരാര്‍ നിലവില്‍വന്നശേഷം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകളെ ബാധിക്കും വിധം സ്വകാര്യബസുകളുടെ സമയക്രമം പുതുക്കിനിശ്ചയിച്ച നടപടി പിൻവലിക്കുമെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്, കെ.എസ്.ആര്.ടി.സി.ഇ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്, ട്രഷറര്‍ ദിലീപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.