മൂന്ന് മേഖലകൾക്കും സ്വന്തമായി ബജറ്റ്, സ്ഥലംമാറ്റാൻ അധികാരം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സ്വതന്ത്രാധികാരമുള്ള മൂന്ന് മേഖലകളായി വിഭജിക്കുന്നതിന് കരട് രൂപരേഖയായി. കോഴിക്കോട് മേഖലയിൽ (സോൺ) ആറ് ജില്ലകളും കൊച്ചി, തിരുവനന്തപുരം മേഖലകളിൽ നാല് വീതം ജില്ലകളും ഉൾപ്പെടുത്തിയാണ് ക്രമീകരണം.
ചീഫ് ഒാഫിസിെൻറ അധികാരങ്ങൾ കുറച്ച് അവ മേഖലകൾക്ക് വീതിച്ചുനൽകാനും മൊത്തം പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല മാത്രമായി ഉത്തരവാദിത്തങ്ങൾ പരിമിതപ്പെടുത്താനുമാണ് വിഭജനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒാപറേഷനിലും വരുമാനത്തിലും ആസൂത്രണത്തിലുമടക്കം സ്വതന്ത്ര ചുമതലകളാണ് പുനഃസംഘടനയിലൂടെ മേഖലകൾക്ക് ലഭിക്കുക.
മൂന്ന് മേഖലകൾക്കും പ്രത്യേകം ബജറ്റ് തയാറാക്കാൻ അധികാരമുണ്ടാകും. മേഖലാ തലത്തിൽ തന്നെ കലക്ഷൻ അക്കൗണ്ടുകൾ ക്രമപ്പെടുത്തും. ഇവ ചീഫ് ഒാഫിസ് ഏകോപിപ്പിക്കും. മേഖലകൾക്കുള്ളിൽ ഒാടുന്ന സർവിസുകളുടെ നടത്തിപ്പ് ചുമതല അതാത് മേഖലകൾക്കാണ്. ഇതിനുവേണ്ടി സർവിസുകളുടെ ആവശ്യകത മനസ്സിലാക്കാൻ ഗതാഗത പഠനം നടത്തും. പഠനത്തിെൻറ അടിസ്ഥാനത്തിൽ നഷ്ടത്തിലോടുന്ന സർവിസുകൾ മേഖലകൾക്കുള്ളിൽ പുനഃക്രമീകരിക്കും.
എന്നാൽ, രണ്ട് മേഖലകളിലൂടെ ഒാടുന്ന സൂപ്പർക്ലാസ് പെർമിറ്റുകളുടെ സമയക്രമീകരണമടക്കം ചീഫ് ഒാഫിസാണ് നിശ്ചയിക്കുക. അന്തർസംസ്ഥാന സർവിസുകളുടെ ചുമതലയും ചീഫ് ഒാഫിസിനായിരിക്കും. ജീവനക്കാരുടെ ശമ്പളവിതരണം നിലവിലെ കേന്ദ്രീകൃത സ്വഭാവത്തിൽ തന്നെ തുടരും. പെൻഷൻ വിതരണത്തിലും നിലവിലെ രീതി തന്നെയാവും. അതേസമയം, ജീവനക്കാരുടെ ലീവ്, ഇ.പി.എഫ്, ഡ്യൂട്ടി അലവൻസ്, സേവനസംബന്ധമായ മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം ചീഫ് ഒാഫിസിൽനിന്ന് മേഖലകളിലേക്ക് മാറ്റാനാണ് കരടിലെ നിർദേശം. ബസിെൻറ അറ്റകുറ്റപ്പണി, അത്യാവശ്യം വാങ്ങലുകൾ എന്നിവയും മേഖലകളിലേക്ക് മാറും.
സോണിനകത്തുള്ള സ്ഥലംമാറ്റങ്ങൾ നിശ്ചയിക്കുന്നത് സോണൽ മാനേജർമാരായിരിക്കും. സോണിന് പുറത്തേക്കുള്ള സ്ഥലംമാറ്റങ്ങൾ ചീഫ് ഒാഫിസിൽ നിന്നും. മേഖലകൾ യാഥാർഥ്യമായാലും ജീവനക്കാരുടെ നിയമനം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ട് തന്നെ പ്രേമാഷനും സംസ്ഥാന അടിസ്ഥാനത്തിലായിരിക്കും.
കെ.എസ്.ആർ.ടി.സിയെ മൂന്നായി വിഭജിക്കുമെങ്കിലും ഒാരോ മേഖലകളുടെയും തലപ്പത്ത് നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർമാരെ നിയമിക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. കുറച്ചുകൂടി കാര്യക്ഷമതയും യോഗ്യതയുമുള്ളവരെ മേഖലകളുടെ ചുമതലയേൽപ്പിക്കാനാണ് തീരുമാനം. അതേമസയം, നിലവിലെ തസ്തികകൾ സൂപ്പർന്യൂമറിയായി നിലനിർത്തുമെന്നാണ് അറിയുന്നത്.
ആശങ്ക ഉയർത്തുന്നത് ബസ് വിഹിതം
തിരുവനന്തപുരം: മലബാർ മേഖലയിൽ മൊത്തം ബസ് വിഹിതത്തിൽ 15 ശതമാനം മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം.എറണാകുളം മേഖലയിൽ 25 ശതമാനവും.
തിരുവനന്തപുരം മേഖലയിൽ മാത്രമാണ് താരതമ്യേന 70 ശതമാനമെന്ന മെച്ചപ്പെട്ട നിലയുള്ളത്. വിഭജനം നടന്നാൽ മറ്റ് രണ്ട് മേഖലകളുടെയും സ്ഥിതി അവതാളത്തിലാകുമെന്നാണ് അഭിപ്രായമുയരുന്നത്. കൂടുതൽ ബസുകളും ഷെഡ്യൂളുകളും ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് പകരം മൂന്നായി വെട്ടിമുറിക്കുന്നത് സ്വകാര്യവത്കരിക്കാനാണെന്ന് ഭരണാനുകൂല സംഘടനയായ എ.െഎ.ടി.യു.സി ആരോപിക്കുന്നു. സംസ്ഥാനം മുഴുവനുമെടുത്താൽ മൊത്തം ബസ് വിഹിതത്തിൽ കെ.എസ്.ആർ.ടി.സിയുടെ പങ്ക് 25 ശതമാനം മാത്രമാണ്.
വിഭജനം ഏർപ്പെടുത്തിയ തമിഴ്നാട്ടിലും കർണ്ണാടകയിലും ആന്ധ്രയിലും പഞ്ചാബിലുമെല്ലാം പൊതുഗതാഗതത്തിൽ 95 ശതമാനവും അതാത് സ്റ്റേറ്റ് ആർ.ടി.സികൾക്കാണ്.
തിരുവനന്തപുരം ജില്ലയേക്കാൾ ജനസംഖ്യയുള്ള മലപ്പുറത്ത് മൂന്ന് ഡിപ്പോകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.
തിരുവനന്തപുരത്താകെട്ട 21 ഉം.പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മൂന്ന് ഡിപ്പോകളും ഒരു ഒാപറേറ്റിങ് സെൻററും മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
