മണ്ഡലകാല സർവിസുകൾക്ക് കെ.എസ്.ആർ.ടി.സി സജ്ജം
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടകൾക്കായി കെ.എസ്.ആർ.ടി.സി സജ്ജം. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും നിലയ്ക്കൽ-പമ്പ ചെയിൻ സർവിസുകളും പമ്പയിൽ നിന്നുള്ള ദീർഘ ദൂര സർവിസുകളും ആരംഭിച്ചിട്ടുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവിസിനായി ആദ്യഘട്ടത്തിൽ 40 ബസുകൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ചെങ്ങന്നൂർ, എറണാകുളം, കോട്ടയം, റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തീർഥാടകർക്ക് പമ്പയിൽ എത്തുന്നതിനുവേണ്ടി സർവിസുകളും ക്രമീകരിച്ചു.
സ്പെഷൽ സർവിസുകളുടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനുമായി പമ്പയിൽ സ്പെഷൽ ഓഫിസറെ നിയോഗിച്ചിട്ടുണ്ട്. 40 പേരിൽ കുറയാത്ത തീർഥാടക സംഘങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുടെ വിവിധ യൂനിറ്റുകളിൽനിന്ന് പമ്പയിലേക്കും തിരിച്ചും സൗകര്യപ്രദമായ രീതിയിൽ ചാർട്ടേഡ് ട്രിപ്പുകളും ഏർപ്പെടുത്തും. മുൻവർഷങ്ങളിലേതുപോലെ 40 പേരിൽ കുറയാതെയുള്ള സംഘം ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്യുന്ന പക്ഷം 10 കിലോമീറ്ററിനകത്തുള്ള ചുറ്റളവിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്ന് പമ്പയിലേക്ക് സർവിസ് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. ഇൗ സൗകര്യത്തിന് യാത്ര നിരക്കിനുപുറമെ 20 രൂപ അധികമായി ഈടാക്കും.
തീർഥാടകരുടെ സൗകര്യത്തിനായി തിരുവനന്തപുരം-പമ്പ സ്പെഷൽ സർവിസിനും കൊല്ലം-പമ്പ സ്പെഷൽ സർവിസിനും ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാവിലെ 8.03നും രാത്രി 9.19 നുമാണ് തിരുവനന്തപുരത്തുനിന്നുള്ള സർവിസുകൾ. കൊല്ലത്തുനിന്ന് രാവിലെ 7.40ന്.
ശബരിമല പ്രസാദം രാജ്യത്തെവിടെയും
തപാലില്‍ ലഭിക്കാന്‍ സംവിധാനം
ശബരിമല: ഇന്ത്യയില്‍ എവിടെയും ശബരിമല പ്രസാദം തപാലില്‍ ലഭിക്കാൻ സംവിധാനം. മണ്ഡല-മകരവിളക്ക് ഉത്സവത്തിെൻറ ഒന്നാം ദിവസം തന്നെ ആയിരം പ്രസാദം ദേവസ്വം ബോർഡ് പോസ്റ്റല്‍ വകുപ്പിന് കൈമാറി. മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് കാരണം ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്ന് തയാറാക്കിയതാണ് തപാല്‍ പ്രസാദ വിതരണ പദ്ധതി. രാജ്യത്ത് എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫിസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാൽ മൂന്നു ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. 450 രൂപയാണ് വില. ബുക്ക് ചെയ്ത അത്രയും പ്രസാദം പമ്പ ത്രിവേണി പോസ്റ്റോഫിസില്‍ ദേവസ്വം ബോര്‍ഡ് എത്തിച്ചു നല്‍കും.
തപാല്‍ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുക. ഇത്തവണ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

