Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
KSRTC pensioners
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ശമ്പളക്കരാറിൽ ഒപ്പുവെച്ചു; ജനുവരിയിലെ ശമ്പളം മുതൽ ആനുകൂല്യങ്ങൾ

text_fields
bookmark_border

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ സി.എം.ഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. സർക്കാർ ജീവനക്കാരുടെ 11-ാം ശമ്പള കമീഷഷൻ സ്‌കെയിലാണ് മാസ്റ്റർ സ്‌കെയിലായി നിശ്ചയിച്ചിരിക്കുന്നത്.

പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ നാല് ശതമാനം എന്ന നിരക്കിൽ കുറഞ്ഞത് 1200 രൂപയും പരമാവധി 5000 രൂപയും പ്രതിമാസം വീട്ടുവാടക അലവൻസ് നൽകും. ഫിറ്റ്മെന്റ് സർക്കാറിൽ നിശ്ചയിച്ചതുപോലെ 10 ശതമാനമാണ്. ഡി.സി.ആർ.ജി ഏഴു ലക്ഷത്തിൽനിന്ന് പത്തു ലക്ഷം രൂപയായി വർധിപ്പിക്കും. 2021 ജൂൺ ഒന്നു മുതൽ പുതിയ സ്‌കെയിലിന് പ്രാബല്യം കണക്കാക്കും.

പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20ൽ അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി ശമ്പളത്തോടൊപ്പം അധിക ബത്തയായി അനുവദിക്കും. വനിതാ ജീവനക്കാർക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരു വർഷക്കാലത്തേക്ക് ശൂന്യവേതന അവധി അനുവദിക്കും.

ഈ അവധി കാലയളവ് പ്രൊമോഷൻ, ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും. ഈ അവധി വിനിയോഗിക്കുന്നവർക്ക് പ്രതിമാസം 5,000 രൂപ ചൈൽഡ് കെയർ അലവൻസ് ആയി നൽകും. എല്ലാ വിഭാഗം ജീവനക്കാർക്കും ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പ്രൊമോഷൻ അനുവദിക്കും.

നാല് ദേശീയ അവധികളും 11 സംസ്ഥാന അവധികളും ഉൾപ്പെടെ ആകെ 15 അവധികളാണുണ്ടാവുക. ഒരു ജീവനക്കാരന് നൽകാവുന്ന നിയന്ത്രിത അവധി നാലായി ഉയർത്തുകയും പ്രാദേശിക അവധി ഒന്നായി നിജപ്പെടുത്തുകയും ചെയ്യും.

വെൽഫെയർ ഫണ്ട് ജീവനക്കാരുടെ പങ്കാളിത്തത്തോടെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കും. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ഫിനാൻഷ്യൽ അഡൈ്വസർ ആൻഡ് ചീഫ് അക്കൗണ്ട്‌സ് ഓഫിസർ, ഗതാഗത വകുപ്പിൽനിന്നും ധനകാര്യ വകുപ്പിൽനിന്നും സർക്കാർ നാമനിർദേശം ചെയ്യുന്ന ഓരോ പ്രതിനിധികൾ, അംഗീകൃത തൊഴിലാളി സംഘടനകളുടെ ഓരോ പ്രതിനിധി എന്നിവർ ചേർന്നതായിരിക്കും ട്രസ്റ്റ്.

ട്രസ്റ്റിന്റെ ചെയർമാൻ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും ട്രഷറർ ഫിനാൻഷ്യൽ അഡൈ്വസർ ആൻഡ് ചീഫ് അക്കൗണ്ട്‌സ് ഓഫിസറും ആയിരിക്കും. ട്രസ്റ്റിലേക്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പ്രതിമാസ വിഹിതം ഈടാക്കും. എല്ലാ വിഭാഗം ഹയർ ഡിവിഷൻ ഓഫിസർമാരും പ്രതിമാസം 300 രൂപയും എല്ലാ വിഭാഗം സൂപ്പർവൈസറി ജീവനക്കാരും പ്രതിമാസം 200 രൂപയും മറ്റുള്ള എല്ലാ വിഭാഗം ജീവനക്കാരും പ്രതിമാസം 100 രൂപയും വിഹിതം നൽകണം.

കോർപ്പറേഷൻ വെൽഫെയർ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന മൂലധനത്തിന് പുറമെ മൂന്ന് കോടി രൂപ വാർഷിക ഫണ്ടായി ട്രസ്റ്റിൽ നിക്ഷേപിക്കും. ഫണ്ടിൽനിന്ന് സാമ്പത്തിക ആനുകൂല്യം കൈപ്പറ്റാത്ത ജീവനക്കാർ വിരമിക്കുമ്പോഴോ മരണപ്പെടുകയോ ചെയ്താൽ ആകെ അടച്ച തുകയുടെ പകുതി പലിശരഹിതമായി തിരികെ നൽകും.

45 വയസ്സിന് മുകളിൽ താൽപര്യമുള്ള കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടെ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ അവധി അനുവദിക്കും.

ഡ്രൈവർ-കം-കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കും. നിലവിലെ അഡ്മിനിസ്‌ട്രേഷൻ സംവിധാനം വിഭജിച്ച് അഡ്മിനിസ്‌ട്രേഷൻ, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങൾ രൂപീകരിക്കും. മെക്കാനിക്കൽ വിഭാഗം പുനഃസംഘടിപ്പിക്കും. മൂന്ന് വിഭാഗം ജീവനക്കാരുടെയും സ്പെഷ്യൽ റൂൾ വ്യവസ്ഥകൾ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. അപേക്ഷകൾ പരിഗണിച്ച് പമ്പ് ഓപ്പറേറ്റർ, ഡ്രൈവർ, ഡ്രൈവർ-കം-കണ്ടക്ടർ എന്നീ തസ്തികകളിൽ ഘട്ടംഘട്ടമായി ആശ്രിത നിയമനം നൽകും.

എംപാനൽഡ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ മൂന്നംഗ ഉദ്യോഗസ്ഥ കമ്മറ്റിയെ ചുമതലപ്പെടുത്തും. ധനകാര്യ വകുപ്പും സഹകരണ വകുപ്പുമായി കൂടിയോലോചിച്ച് സമയബന്ധിതമായി പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം ഉൾപ്പെടെ വിഷയങ്ങൾ പരിശോധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് കരാറിന്റെ ഭാഗമാക്കും.

ഒരു വർഷം 190 ഫിസിക്കൽ ഡ്യൂട്ടികൾ ചെയ്യാത്ത ജീവനക്കാർക്ക് അടുത്ത പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ നൽകാൻ കഴിയില്ല. പെൻഷൻ കണക്കാക്കാനും ഇത് ബാധകമായിരിക്കും. എന്നാൽ അർബുദ ചികിത്സ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ, ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര സ്വഭാവമുള്ള അസുഖബാധിതർ, അപകടങ്ങൾ മൂലം അംഗഭംഗം വന്ന് ശയ്യാവലംബരായവർ, മാതാപിതാക്കൾ, ഭാര്യ / ഭർത്താവ്, മക്കൾ, സഹോദരങ്ങൾ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിക്കുന്നവർ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, സ്റ്റാൻഡ്-ബൈ ഡ്യൂട്ടി യൂനിറ്റ് അധികാരികൾ അനുവദിക്കപ്പെടുന്നവർ എന്നിവർക്ക് വ്യവസ്ഥയിൽ ഇളവ് നൽകും.

ജീവനക്കാർ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ കൂടുതൽ പരിശോധനയ്ക്കായി കെ.എസ്.ആർ.ടി.സി രൂപീകരിക്കുന്ന മെഡിക്കൽ ബോർഡിലോ സർക്കാറിന്റെ മെഡിക്കൽ ബോർഡിലോ സമർപ്പിച്ച് അന്തിമ തീരുമാനം മാനേജ്മെന്റ് സ്വീകരിക്കും. തുടർച്ചയായി എട്ട് മണിക്കൂറിൽ കൂടുതലുള്ള ദീർഘദൂര സർവിസുകളിൽ ഘട്ടംഘട്ടമായി ഡ്രൈവർ - കം - കണ്ടക്ടർമാരെ നിയോഗിക്കും.

500 കിലോമീറ്ററിന് മുകളിലുളള ബംഗളൂരു സർവിസുകൾ പോലുള്ള അന്തർ സംസ്ഥാന സർവിസുകളിൽ യുക്തമായ ടെർമിനൽ കണക്കാക്കി ക്രൂ ചെയ്ഞ്ച് നടപ്പാക്കും. ഓപ്പറേറ്റിംഗ് സെന്ററുകളുടെ ചെലവുകൾ കുറയ്ക്കും. കെ.എസ്.ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ മേജർ ഡിപ്പോകളിൽ മാത്രമായിരിക്കും. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കമീഷൻ വ്യവസ്ഥയിൽ ഡയറക്ട് ടിക്കറ്റ് സെല്ലിംഗ് ഏജന്റുമാരെ നിയോഗിക്കും.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി ഓർഡിനറ്റി / ഫാസ്റ്റ് ബസ്സുകൾ സ്റ്റേ ബസ്സുകളാക്കും. ബസുകൾ സ്റ്റേ ചെയ്യുന്ന സ്ഥലത്ത് എത്താൻ ഡ്രൈവർക്കും കണ്ടക്ടർക്കും ഓരോ കിലോമീറ്ററിന് 2.50 രൂപ കിലോമീറ്റർ അലവൻസ് നൽകും. എന്നാൽ, 50 കിലോമീറ്ററിന് മുകളിൽ ആണെങ്കിൽ സ്റ്റേ അലവൻസായി അനുവദിക്കുന്ന തുക കാലാകാലങ്ങളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിഞ്ഞുപോയ പരിചയ സമ്പന്നരായ ജീവനക്കാരെ ബോഡി ബിൽഡിംഗ്, ലൈറ്റ് മോട്ടോർ വെഹിക്കിളുകളുടെ അറ്റകുറ്റപ്പണികൾ, സ്പെയർ പാർട്‌സ് കടകൾ, മറ്റ് സംരംഭങ്ങൾ എന്നീ ജോലികൾക്കായി കെ.എസ്.ആർ.ടി.സിയുടെ പങ്കാളിത്തം ഇല്ലാത്ത പ്രത്യേക ലേബർ സൊസൈറ്റി മുഖേന പുനരധിവസിപ്പിക്കാൻ പദ്ധതി ഒരുക്കും.

ഒരു ജീവനക്കാരൻ / ജീവനക്കാരി കൃത്യനിർവഹണത്തിനിടയിൽ അപകടംമൂലം മരണമടഞ്ഞാൽ മരണാനന്തര ചെലവിന് നൽകുന്ന തുക നിലവിലെ 10,000 രൂപയിൽ നിന്നും 50,000 രൂപയായി വർധിപ്പിക്കും. കൃത്യനിർവഹണത്തിനിടയിൽ അല്ലാതെ സംഭവിക്കുന്ന മരണത്തിന് മരണാനന്തര ചെലവിന് നല്കുന്ന തുക 2000 രൂപയിൽനിന്ന് 5000 രൂപയായി വർധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC signs salary agreement; Benefits from January salary
Next Story