തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് വീണ്ടും തുടങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസ്. നേരത്തെ ഒരു ജില്ലയിൽ നിന്ന് തൊട്ടടുത്ത ജില്ലയിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ സർവീസുണ്ടായിരുന്നത്.
കേന്ദ്രസർക്കാർ നൽകിയ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തും ജിമ്മുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് അഞ്ച് മുതലാവും ജിമ്മുകൾ തുറക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കശുവണ്ടി ഫാക്ടറികൾക്കും പ്രവർത്തനാനുമതി നൽകും. ലോക്ഡൗൺ തീരും വരെ സമരങ്ങൾക്കും പ്രകടനങ്ങൾക്കും അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രോളിങ് നിരോധനത്തിന് ശേഷം നിയന്ത്രിതമായി മത്സ്യബന്ധനം അനുവദിക്കും. എന്നാൽ, മത്സ്യലേലത്തിന് അനുമതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.