കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി തുടരുന്നു; 400ഓളം സർവീസുകൾ മുടങ്ങി
text_fieldsതിരുവനന്തപുരം: എം.പാനൽ ഡ്രൈവർമാരെ ദിവസവേതനക്കാരായി നിയമിക്കരുതെന്ന ഹൈകോടതി ഉത്തരവിനെ തുടർന്നുണ്ടായ പ്രതിസന്ധി കെ.എസ്.ആർ.ടി.സിയിൽ ഇന്നും തുടരുന്നു. ഏകദേശം 400ഓളം സർവീസുകളാണ് ഇന്ന് മുടങ്ങിയത്. സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാമെന്ന് ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിനും കാര്യമായ പ്രതികരണമില്ലെന്നാണ് റിപ്പോർട്ടുകൾ.
തിരക്കുള്ള ദിവസങ്ങളിൽ ഡിപ്പോകൾ കേന്ദ്രീകരിച്ച് ദിവസക്കൂലിക്ക് പരിചയസമ്പന്നരും നിശ്ചിത യോഗ്യതയുമുള്ള ഡ്രൈവർമാരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം കെ.എസ്. ആർ.ടി.സി നിർദേശം നൽകിയത്. അവധി ദിവസം അടുത്തതോടെ വേഗത്തിൽ കുറവ് നികത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി ഡ്രൈവർമാരെ ആവശ്യപ്പെട്ട് ഡിപ്പോകളിൽ നോട്ടീസ് പതിച്ചിരുന്നു. ബസ് സർവീസ് മുടങ്ങാതിരിക്കാൻ വേണ്ട ഡ്രൈവര്‍മാരെ ഒാരോ ദിവസത്തേക്കും നിയോഗിക്കാനുള്ള അധികാരവും യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കിയിരുന്നു.
ദീർഘദൂര സർവീസുകൾ മുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ലോക്കൽ സർവീസുകളാണ് റദ്ദാക്കിയതിൽ ഭൂരിഭാഗവും. സർവീസുകൾ റദ്ദാക്കുന്നത് മൂലം വൻ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
