തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കണ്ടൈൻമെൻറ് സോണുകളിൽ നിന്ന് സർവീസുണ്ടാവില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും സർവീസ് തുടങ്ങുക. ആദ്യഘട്ടത്തിൽ 206 സർവീസുകളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് സർവീസുണ്ടാവില്ല. പകരം തിരുവനന്തപുരം ആനയറയിൽ താൽക്കാലിക സംവിധാനം എർപ്പെടുത്തും. സർവീസ് നിർത്താനുള്ള തീരുമാനം സ്വകാര്യ ബസുടമകൾ പുനഃപരിശോധിക്കുമെന്ന് കരുതുന്നു. നികുതി അടക്കാനുള്ള സാവകാശം സ്വകാര്യ ബസുടമകൾക്ക് നൽകിയിട്ടുണ്ട്. വേണമെങ്കിൽ ഗഡുക്കളായി നികുതി അടക്കാനുള്ള സൗകര്യവും നൽകാം. സ്വകാര്യ ബസുകൾ സർവീസ് നിർത്തിയാൽ ജനങ്ങൾ പൊതുഗതാഗത സംവിധാനത്തിൽ നിന്നും അകലുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ലോക്ഡൗൺ ഇളവുകളെ തുടർന്ന് രാത്രികാല കർഫ്യു പിൻവലിച്ചിട്ടുണ്ട്. സർക്കാറിെൻറ നിർദേശം ലഭിച്ചാലുടൻ കെ.എസ്.ആർ.ടി.സി രാത്രികാല ബസ് സർവീസ് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Latest VIDEO