കെ.എസ്.ആർ.ടി.സി: ശമ്പളം അഞ്ചിനകം നൽകണം -ഹൈകോടതി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ അഞ്ചാംതീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി.സിക്ക് ഹിമാലയം പോലെ വായ്പ കുന്നുകൂടിയതെങ്ങനെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആർ. ബാജിയടക്കം ജീവനക്കാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം. കെ.എസ്.ആർ.ടി.സി പൂട്ടാനാവില്ലെന്നും നിലനിർത്തിയേ പറ്റൂവെന്നും വ്യക്തമാക്കിയ കോടതി ഹരജി വീണ്ടും ജൂലൈ ഒന്നിന് പരിഗണിക്കാനായി മാറ്റി.
മേയ് 31വരെയുള്ള കണക്കനുസരിച്ച് 12,100.34 കോടിയുടെ ബാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചിരുന്നു. ഈ വായ്പകൾ എങ്ങനെയാണ് തിരിച്ചടക്കുകയെന്ന് കോടതി ചോദിച്ചു. ഇത്രയധികം കടം കൂട്ടിവെച്ച് ഇനിയും മുന്നോട്ടുപോകാനാകില്ല. ജീവനക്കാർക്ക് അഞ്ചാംതീയതി ശമ്പളം നൽകാൻ എന്ത് നടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കണം. വായ്പ തിരിച്ചടവിന് വൻ തുക നീക്കിവെക്കേണ്ടതിനാലാണ് ശമ്പളംപോലും നൽകാനാവാത്ത സ്ഥിതിയുള്ളത്. എന്നാൽ, ശമ്പളം നൽകുന്നതിനാണ് ആദ്യ പരിഗണന നൽകേണ്ടത്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അധ്വാനവും വിയർപ്പുമാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം. ജീവനക്കാരെ അതൃപ്തിയിലാക്കി മുന്നോട്ടുപോകാൻ കഴിയില്ല. 12ഉം 14ഉം മണിക്കൂറൊന്നും ആർക്കും ജോലി ചെയ്യാനാകില്ല. അതിനാൽ, ശമ്പളംകിട്ടാത്ത ജീവനക്കാർ സമരം ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാവില്ല. പലിശയായി മാത്രം 32 കോടിയോളം രൂപ അടക്കേണ്ട സ്ഥിതിക്ക് പരിഹാരം വേണമെന്നും കോടതി വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി: വായ്പയിൽ ധവളപത്രം പുറപ്പെടുവിക്കണം
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ഇത്രയധികം വായ്പ എങ്ങനെ വന്നു എന്നറിയാനായി ഓഡിറ്റ് നടത്തി ധവളപത്രം പുറപ്പെടുവിക്കണമെന്ന് ഹൈകോടതി.
ഇപ്പോൾ സർക്കാർ നൽകുന്ന സഹായമൊക്കെ വെറുതെയാകുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഇങ്ങനെ പറഞ്ഞത്. ബാങ്കുകൾക്കും കെ.ടി.ഡി.എഫ്.സിക്കും നൽകാനുള്ള 3656.65 കോടിയുടെ കാര്യത്തിൽ പരിഹാരമുണ്ടായാൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തം കാലിൽ നിൽക്കാനാകും.
ഡീസലിന് 90 കോടിയും ശമ്പളത്തിന് 72 കോടിയും നീക്കിവെച്ചാലും മാസം വരുമാനമായ 192 കോടിയിൽനിന്ന് സ്പെയർപാർട്സ് അടക്കമുള്ള മറ്റ് ചെലവുകൾക്കും പണം ബാക്കികാണുമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

