മുഖ്യമന്ത്രിയുടെ ഉറപ്പും നടപ്പായില്ല: കെ.എസ്.ആർ.ടി.സിയിൽ ഏഴിനും ശമ്പളമില്ല
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ എല്ലാമാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇക്കുറി തെറ്റി. ഒക്ടോബർ മാസത്തെ ശമ്പളം നവംബർ ഏഴ് ആയിട്ടും വിതരണം ചെയ്യാനായിട്ടില്ല. ശമ്പളവിതരണത്തിനുള്ള ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ശമ്പളമെത്താൻ പത്താം തീയതിയാകുമെന്നാണ് സൂചന. 203 കോടിയാണ് ഒക്ടോബർ മാസത്തെ കലക്ഷൻ. സർക്കാറിൽനിന്ന് എല്ലാ മാസവും 50 കോടി ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ഇതുവരെയും കിട്ടിയില്ല.
ഓണക്കാലത്തെ ശമ്പള മുടക്കത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന് ഉറപ്പുനൽകിയത്. ഇതനുസരിച്ച് കഴിഞ്ഞമാസം കൃത്യസമയത്ത് ശമ്പളമെത്തിയിരുന്നു.
എന്നാൽ രണ്ടാം മാസത്തോടെ വീണ്ടും പഴയപടിയാകുന്നതിൽ ജീവനക്കാർക്കും ആശങ്കയുണ്ട്. ജീവനക്കാർ ഏറെ എതിർപ്പ് പ്രകടിപ്പിച്ച സിംഗിൾ ഡ്യൂട്ടി അനുവദിച്ചാൽ കൃത്യമായ ശമ്പളവിതരണം നടക്കുമെന്നതായിരുന്നു ചർച്ചകളിലെ ധാരണ.
ഇതുപ്രകാരം പാറശ്ശാല ഡിപ്പോയിൽ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടിയും ആരംഭിച്ചിരുന്നു.
ഉറപ്പ് ജലരേഖയായി -ടി.ഡി.എഫ്
തിരുവനന്തപുരം: ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ജലരേഖയായി മാറിയെന്ന് ടി.ഡി.എഫ് വർക്കിങ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എം.എൽ.എ. 200 കോടിയിലേറെ രൂപ പ്രതിമാസ കലക്ഷൻ ലഭിച്ചിട്ടും 90 കോടി മാത്രം മുടക്കി നൽകാവുന്ന ശമ്പളം നൽകാത്തത് പ്രതിഷേധാർഹമാണ്. തൊഴിലാളി ദ്രോഹ നടപടികളിൽ മാനേജ്മെന്‍റ് കാണിക്കുന്ന ആവേശം ശമ്പളം നൽകുന്ന കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

