കണ്ടക്ടർമാർ ഇല്ലാതെ പമ്പ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട: നിറപുത്തരി പൂജക്ക് ശബരിമല നട തുറന്ന ബുധനാഴ്ച തീർഥാടകരുമായി പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസുകൾ അയച്ചത് കണ്ടക്ടർമാർ ഇല്ലാതെ. വഴിയിൽ അയ്യപ്പഭക്തർ ഉൾപ്പെടെ യാത്രക്കാർ ബസുകൾക്ക് കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫിസിൽനിന്ന് എത്തിയ പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്പെഷൽ ഓഫിസറുടെ തീരുമാന പ്രകാരമാണ് കണ്ടക്ടർ ഇല്ലാത്ത ബസുകൾ ഓടിച്ചതെന്ന് അറിയുന്നു. പമ്പ സ്പെഷൽ സർവിസിനായി തിരുവനന്തപുരം അടക്കം മറ്റ് ഡിപ്പോകളിൽനിന്ന് പതിനഞ്ച് ബസുകൾ പത്തനംതിട്ട ഡിപ്പോയിൽ എത്തിയിരുന്നു.
ഈ ബസുകളിൽ തീർഥാടകർ കയറിയപ്പോൾ രണ്ട് കണ്ടക്ടർ കയറി പമ്പ ടിക്കറ്റുകൾ നൽകി. ബസ് വിടാറായപ്പോൾ കണ്ടക്ടർമാർ ഇറങ്ങുകയും ചെയ്തു. പമ്പക്ക് പോയ ബസുകൾക്ക് മൈലപ്രയിലും വടശ്ശേരിക്കരയിലും പെരുനാട്ടിലും തീർഥാടകർ അടക്കമുള്ള യാത്രക്കാർ കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
നിലക്കൽ നിർത്തിയ ബസിൽ പമ്പക്ക് പോകാനായി വീണ്ടും ആളുകൾ കയറി. അവിടെയുണ്ടായിരുന്ന കണ്ടക്ടർ ബസിൽ കയറി പമ്പക്ക് ടിക്കറ്റുകൾ നൽകിയശേഷം ഇറങ്ങി. തുടർന്നും കണ്ടക്ടറില്ലാതെയാണ് ബസ് പമ്പക്ക് പോയത്.പമ്പയിൽനിന്ന് തിരികെ വിട്ട ബസുകളിലും ഇതേ ക്രമീകരണമായിരുന്നു. നേരത്തേ പത്തനംതിട്ട ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർമാരായിരുന്നു നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽനിന്ന് ബസുകൾ ഓപറേറ്റ് ചെയ്തിരുന്നത്.
വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റിയിരുന്നതിനാൽ വരുമാനത്തിൽ വർധനവുണ്ടായിരുന്നു. കണ്ടക്ടർ ഇല്ലാത്ത പുതിയ പരിഷ്കാരത്തിൽ വരുമാനം കുറഞ്ഞു. ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെ പമ്പക്ക് പോയാൽ വഴിയിൽ തടയുമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴികാല അറിയിച്ചു.അതേസമയം, പത്തനംതിട്ട ഡിപ്പോ അധികൃതർ ഓപറേറ്റ് ചെയ്ത പമ്പ ബസുകളിൽ കണ്ടക്ടർമാർ ഉണ്ടായിരുന്നു. ബസുകൾ വഴിയിൽനിന്ന് യാത്രക്കാരെ കയറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

