തിരുവനന്തപുരം: വിശ്രമ സൗകര്യമില്ലാത്ത കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഡ്യൂട്ടി മേഖലകളിലും ജീവനക്കാർക്കായി ബസുകളിൽ താമസസൗകര്യമൊരുക്കുന്നു. കാലാവധികഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി വിശ്രമസൗകര്യം ഒരുക്കുന്നതാണ് പുതിയ സംരംഭമെന്ന് എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി. ഒരു ബസിൽ 16 ബർത്തുകളും ലോക്കറുകളും ഉണ്ടാകും.
വാഷ് ബേസിൻ സൗകര്യവും ഒരുക്കും. ഈ ബസുകൾ എയർ കണ്ടീഷൻ ചെയ്യും. ഡിപ്പോയിൽ അനുയോജ്യ സ്ഥലത്ത് പാർക്ക് ചെയ്യും. കരിപ്പൂർ വിമാനത്താവളത്തിലെ ഡ്രൈവർമാരുടെ വിശ്രമത്തിനായി ബസ് രൂപമാറ്റം വരുത്തുന്ന പ്രവർത്തനം 10 ദിവസത്തിനകം പൂർത്തിയാകും. എറണാകുളം യൂനിറ്റിലും പദ്ധതി നടപ്പാക്കും. പ്രധാന ടൗണുകളിൽ യാത്രക്കാർക്ക് ഇത്തരം സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുംവിധം സംരംഭം വിപുലപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ജീവനക്കാരുടെ ജോലിസമയത്തെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് ബജറ്റിൽ 13 കോടി അനുവദിക്കുന്നതിനുള്ള പദ്ധതിയും കെ.എസ്.ആർ.ടി.സി സർക്കാറിന് നൽകിയിട്ടുണ്ട്.