ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കലക്ഷൻ; ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രി
text_fieldsകെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സി (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിങ് റവന്യു) കൈവരിച്ചു. ഇന്നലെ മാത്രം നടത്തിയ സർവീസുകളിൽ നിന്നായി 9.41 കോടി രൂപയുടെ കലക്ഷൻ സ്വന്തമാക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞു. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ.എസ്.ആർ.ടി.സി നേടിയത്.
ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി കെ.എസ്.ആർ.ടി.സിയുടെ മുന്നോട്ടുള്ള യാത്രക്ക് സഹായകമാകുന്നത്. ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, ട്രാവൽ കാർഡ്, യു.പി.ഐ പേയ്മെന്റ്, ലൈവ് ട്രാക്കിങ് സംവിധാനം തുടങ്ങിയ സേവനങ്ങൾ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും കെ.എസ്.ആർ.ടി.സിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും പിന്തുണ നൽകിയ തൊഴിലാളി സംഘടനകൾ അടക്കം ഓരോരുത്തരോടും കെ.എസ്.ആർ.ടി.സിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിങ് ഡയറക്ടറുമായ പി.എസ് പ്രമോജ് ശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

