കെ.എസ്.ആർ.ടി.സിയിൽ കള്ളന് കഞ്ഞിവെക്കലോ?; എട്ട് പ്രിയദർശിനി ടിക്കറ്റ് പുരുഷന്മാർക്ക് കൊടുത്തിട്ടും കണ്ടക്ടർക്കെതിരേ നടപടിയില്ലെന്ന്
text_fieldsകോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ മറവിൽ ടിക്കറ്റ് മറിച്ചുവിൽപ്പന നടത്തുന്നവർക്കെതിരായ നടപടിയിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പക്ഷപാതം കാണിക്കുന്നതായി ആക്ഷേപം. ടിക്കറ്റ് കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിവ്യക്തമാക്കുമ്പോഴും മനപ്പൂർവമുള്ള തട്ടിപ്പ് വ്യക്തമായിട്ടും കണ്ടക്ടർക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന പരാതി. പൊന്നാനി ഡിപ്പോയിൽ നിന്നുള്ള സർവീസിൽ എട്ട് പുരുഷന്മാരിൽ നിന്ന് ടിക്കറ്റ് പണം വാങ്ങി, സ്ത്രീകൾക്കുള്ള സൗജന്യ സീറോ ടിക്കറ്റ് നൽകിയതിന് പിടികൂടിയ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് ആക്ഷേപത്തിന് ഇടയാക്കുന്നത്. ജൂൺ 23നാണ് പൊന്നാനി യൂണിറ്റിൽ നിന്നുള്ള കണ്ടക്ടറുടെ ടിക്കറ്റ് തട്ടിപ്പ് പിടികൂടിയത്. സസ്പെൻഷൻ അടക്കമുള്ള നടപടിക്ക് വഴിവെക്കുന്ന കുറ്റമായിട്ടും ഇയാൾക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല തട്ടിപ്പ് കണ്ടെത്തി ഒരു മാസം കഴിഞ്ഞ് ജൂലൈ 27നാണ് ഇയാൾക്ക് മാനേജ്മെന്റ് കുറ്റപത്രം നൽകിയത്.
മനഃപൂർവം ടിക്കറ്റ് കൊടുക്കാതെ പണം മോഷ്ടിച്ചു എന്ന് ബോധ്യപ്പെട്ടാൽ അടുത്ത ഡിപ്പോയിൽ നിന്ന് മറ്റൊരു കണ്ടക്ടറെ വരുത്തി സർവീസ് തുടരുകയും ആരോപണ വിധേയനായ കണ്ടക്ടറെ ഡ്യൂട്ടിയിൽ നിന്ന് റിലീവ് ചെയ്യുകയുമാണ് പതിവ്. അതോടൊപ്പം ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിൽ ഉടൻ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്യും. എന്നാൽ മനപ്പൂർവമായ കുറ്റം പിടിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്തത് സ്വാധീനത്തിന് വഴങ്ങിയാണെന്നും പരാതിയുണ്ട്.
അതേസമയം, പലർക്കും സാങ്കേതിക പിഴവുകൾ പറ്റിയെന്ന പൊതുപരാതിയുടെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി ആദ്യത്തെ ഒന്ന്, രണ്ട് ആഴ്ച ഇത്തരം വിഷയങ്ങളിൽ കുറ്റപത്രം നൽകി അച്ചടക്ക നടപടി സ്വീകരിക്കുകയാണ് ചെയ്തതെന്ന് കെ.എസ്.ആർ.ടി.സി. എം.ഡി. അറിയിച്ചു. എട്ട് ടിക്കറ്റ് കൃത്രിമം ചൂണ്ടിക്കാട്ടിയപ്പോൾ, വലിയ കുറ്റമാണെങ്കിൽ നോട്ടീസ് കൊടുത്ത് വിശദീകരണം തേടിയ ശേഷം സസ്പെൻഷൻ നടപടി സ്വീകരിക്കുമെന്നായിരുന്നു എം.ഡിയുടെ മറുപടി. കുറ്റപത്രം നൽകാൻ വൈകിയത് തുടക്കത്തിലുള്ള കാലതാമസംകൊണ്ട് ആയിരിക്കാമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും എം.ഡി. പ്രമോജ് ശങ്കർ അറിയിച്ചു. ടിക്കറ്റ് കൃത്രിമം കാണിക്കുന്ന കണ്ടക്ടർമാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിടിക്കപ്പെട്ടത് നേരത്തെയും ഇത്തരത്തിലുള്ള കുറ്റത്തിന് ശിക്ഷാ നടപടി നേരിട്ടയാളാണെന്നും ഇയാൾ നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഗതാഗത മന്ത്രിയുടെ പാർട്ടിയിലേക്ക് മാറിയതായും ജീവനക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

