പ്രിയദർശിനി പദ്ധതിയുടെ പുരോഗതി പഠിക്കാൻ വിദഗ്ധ സമിതി: സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. പദ്ധതി നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് മേഖലക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും നഷ്ടത്തെക്കുറിച്ചും സമിതി വിശദമായി പഠിക്കും. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിന് ഈ മാസം 13ന് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച നടത്തുമെന്നും അറിയിച്ചു.
അതേസമയം, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പണിമുടക്കും മാർച്ചും നടത്തിയിരുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ വരുമാനം കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. ഇന്ധന വിലയിലെ വർധന വന്നതോടെ പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെന്നും ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താൻ തീരുമാനിച്ചത്.
അതേസമയം, സർക്കാറിന്റെ 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതി കെ.എസ്.ആർ.ടി.സിക്ക് വരുമാന ബാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ കുടുംബ ബജറ്റിനെ സഹായിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. പദ്ധതി നടപ്പാക്കിയ ശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയാണ് രേഖപ്പെടുത്തിയത്. മുമ്പ് പ്രതിദിനം 10 ലക്ഷം സ്ത്രീകൾ യാത്ര ചെയ്തിരുന്ന സ്ഥാനത്ത്, ഇപ്പോൾ 15 ലക്ഷമായി വർധിച്ചു.
കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം രണ്ടര കോടിയോളം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. സാമ്പത്തികമായി പരിശോധിക്കുമ്പോൾ, ദിവസേന ഏഴ് കോടിയിലധികം രൂപ സ്ത്രീകളുടെ കൈകളിൽ നേരിട്ട് എത്തിക്കാൻ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. പദ്ധതിക്കായി 600 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപീകരിക്കുന്നതിനുള്ള ആലോചനയിലാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു. പുതിയ നയത്തിൽ വാഹനങ്ങൾക്കൊപ്പം കാൽനടയാത്രക്കാരുടെ സുരക്ഷക്കും പ്രാധാന്യം നൽകും. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറക്കുന്നതിന് പ്രധാന ജങ്ഷനുകളിലെ സീബ്രാ ലൈനുകളുടെ വീതി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് 93 ഡിപ്പോകളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ജനകീയ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിക്കും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളുടെ മാതൃകയിലായിരിക്കും ഇവയുടെ പ്രവർത്തനം. ഗ്രാമവണ്ടികളുടെ എണ്ണം നിലവിലെ 58 ൽ നിന്നും 500 ആയി ഉയർത്താൻ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ എം.എൽ.എമാരും സഹകരിക്കണമെന്നും ഗതാഗത മന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു. വായുമലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി സംസ്ഥാനത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ വാഹന സെൻസസ് നടത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അന്തരീക്ഷ മലിനീകരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രമക്കേടുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

