ഓർഡിനറിയിലെ ഏഴ് വിഭാഗങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സൗജന്യ സ്ത്രീ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഭാഗമായി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കോർപറേഷൻ പുറത്തിറക്കി. ഓർഡിനറി വിഭാഗത്തിലെ ഏഴ് ഉപവിഭാഗങ്ങളിൽപ്പെടുന്ന ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നിവയാണ് സൗജന്യ യാത്ര അനുവദിച്ച ബസ് വിഭാഗങ്ങൾ. സൗജന്യ യാത്രാ സൗകര്യമുള്ള ബസുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഈ മാസം 15ന് മുഖ്യമന്ത്രി വനിതകൾക്കൊപ്പം ബസിൽ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്യും.
അതേസമയം, പദ്ധതിക്കായി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് മുൻകൂറായി പണം നൽകില്ലെന്ന് വ്യക്തമാക്കിയത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തത്സമയ തിരിച്ചടവ് ലക്ഷ്യമിടുന്നതിനാൽ മാസാവസാനം മാത്രമേ തുക അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്. എന്നാൽ, മുൻകൂർ തുക ലഭിച്ചില്ലെങ്കിൽ കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും ഡീസൽ വാങ്ങലും വലിയ പ്രതിസന്ധിയിലാകും.
പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുന്നത്. ഇതിനായി പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന വരുമാനം ഏഴ് കോടിയാണ്. ഇതിൽ മൂന്നര കോടി രൂപയും ഇന്ധനം വാങ്ങാനാണ് ചെലവഴിക്കുന്നത്. 45 ദിവസത്തെ ക്രെഡിറ്റ് കാലാവധിയിലാണ് എണ്ണക്കമ്പനികൾ കോർപറേഷന് ഡീസൽ നൽകുന്നത്. ഈ രീതിയിൽ കൃത്യമായി പണമടയ്ക്കുമ്പോൾ ലിറ്ററിന് 2.70 രൂപ സബ്‌സിഡിയായും, കൃത്യത പാലിക്കുന്നതിനുള്ള ഇളവായി 40 പൈസയും ചേർത്ത് ആകെ 3.10 രൂപ കുറച്ചാണ് കമ്പനികൾ ഈടാക്കുന്നത്.
സ്ത്രീകളുടെ സൗജന്യ യാത്രയിലൂടെ പ്രതിദിന വരുമാനം കുറയുന്ന സാഹചര്യത്തിൽ സർക്കാർ മുൻകൂറായി തുക നൽകിയില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാകും. പണമടക്കാൻ വൈകിയാൽ ഇന്ധന കമ്പനികൾ നൽകുന്ന ഇളവുകൾ നിർത്തലാക്കുമെന്ന് മാത്രമല്ല, എട്ട് ശതമാനം പലിശ കൂടി ചേർത്താവും പിന്നീട് ഡീസൽ തുക ഈടാക്കുക.
നിലവിൽ തന്നെ 146.7 കോടി രൂപ കെ.എസ്.ആർ.ടി.സി ഇന്ധന കമ്പനികൾക്ക് നൽകാനുണ്ട്. ഡീസൽ മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ സർവിസുകൾ പൂർണമായി തടസ്സപ്പെടും. കെഎസ്ആർടിസിക്കുള്ള തിരിച്ചടവ് തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ധനകാര്യ സെക്രട്ടറിയാണ്. അതിനാൽ തുക മുൻകൂറായി തന്നെ അനുവദിക്കണമെന്നാണ് കോർപറേഷന്റെ ആവശ്യം.
വരുമാന, പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. പരസ്യങ്ങളിലൂടെ അടക്കം ആറുമാസത്തിനകം കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്.
അതേസമയം, ബസുകളുടെ വിതരണത്തിലെ വൻ അസമത്വം കാരണം വടക്കൻ കേരളത്തിലെ യാത്രക്കാരിലെ നല്ലൊരു വിഭാഗത്തിനും ഈ പദ്ധതി ഗുണം ചെയ്യില്ല.
ആകെ ലഭ്യമായ 3125 ഓർഡിനറി ബസുകളിൽ സിംഹഭാഗവും തെക്കൻ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 687 ബസുകൾ സർവിസ് നടത്തുമ്പോൾ, ജനസംഖ്യയിൽ മുന്നിലുള്ള മലപ്പുറം ജില്ലയിൽ ഇത് വെറും 98 മാത്രമാണ് കൊല്ലം ജില്ലയിൽ 415 ബസുകളും എറണാകുളത്ത് 325 ബസുകളും ഉള്ളപ്പോൾ വടക്കൻ ജില്ലകളായ പാലക്കാട് (122), കാസർകോട് (128) എന്നിവിടങ്ങളിൽ സൗകര്യം വളരെ കുറവാണ്.
കണ്ണൂരിൽ 205 ബസുകളും വയനാട്ടിൽ 172 ബസുകളും കോഴിക്കോട് 156 ബസുകളുമാണ് നിലവിലുള്ളത്. തെക്കൻ കേരളത്തിലെ മറ്റ് ജില്ലകളായ ആലപ്പുഴ (227), കോട്ടയം (162), പത്തനംതിട്ട (150), തൃശ്ശൂർ (153), ഇടുക്കി (125) എന്നിവിടങ്ങളിലെല്ലാം വടക്കൻ ജില്ലകളേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണുള്ളത്. . വടക്കൻ ജില്ലകളിലെ അവഗണന അവസാനിപ്പിച്ച് ബസുകളുടെ എണ്ണത്തിൽ തുല്യത ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

