കെ.എസ്.ആർ.ടി.സി: പെൻഷൻ തുക പരമാവധി 25,000 രൂപയായി ഏകീകരിക്കുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പെൻഷൻ 20,000- 25,000 രൂപയിൽ ഏകീകരിക്കണമെന്ന ശിപാർശ സർക്കാറിെൻറ പരിഗണനയിൽ. കോർപറേഷനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. നിലവിൽ 1984 മുതൽ വിരമിച്ച 38,516 പേർക്കാണ് കെ.എസ്.ആർ.ടി.സി പെൻഷൻ നൽകുന്നത്. പെൻഷൻ വിതരണം ബാധ്യതയായതിനെ തുടർന്ന് മൊത്തം പെൻഷന് ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സർക്കാറും ശേഷിക്കുന്ന 50 ശതമാനം കോർപറേഷനുമാണ് നൽകുന്നത്. പ്രതിമാസം 59.67 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത്. എല്ലാ മാസവും സർക്കാർ ധനസഹായം നൽകിയിട്ടും 172 കോടി രൂപ ഇനി പെൻഷൻ ഇനത്തിൽ നൽകാനുണ്ട്. സർക്കാർ വിഹിതം കൃത്യമായി നൽകുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയുടെ വിഹിതം മുടങ്ങുന്നതാണ് പെൻഷൻ തടസ്സെപ്പടാൻ കാരണം. എല്ലാ മാസവും 15നു മുമ്പ് പെൻഷൻ നൽകുമെന്നാണ് ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉറപ്പു നൽകിയിരുന്നത്. എന്നാൽ, ഇതു ലംഘിക്കുന്ന അനുഭവമാണ് കെ.എസ്.ആർ.ടി.സിയിലുണ്ടാകുന്നത്.
ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3000 കോടി രൂപ വായ്പയെടുക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. ഇൗ തുക ലഭിച്ചു കഴിഞ്ഞാൽ പെൻഷൻ കുടിശ്ശിക മുഴുവൻ കൊടുത്ത് തീർക്കുമെന്നാണ് വിവരം. ഇതോടൊപ്പം പെൻഷൻ പരിധി 20,000-25,000 രൂപയായി നിശ്ചയിക്കുമെന്നാണ് വിവരം. വായ്പയിൽ ബാക്കി തുക ഇപ്പോൾ പല സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ വിനിയോഗിക്കും. 4500 രൂപ മുതൽ 47,000 രൂപ വരെ പെൻഷൻ വാങ്ങുന്നവർ ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കു കീഴിലുണ്ട്.
കെ.എസ്.ആർ.ടി.സിയിെല പ്രതിമാസ വരവും ചെലവും തമ്മിെല അന്തരം ശരാശരി 154 കോടിയിലെത്തിയെന്ന്് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങൾക്കുള്ള 2726.07 കോടിയും സർക്കാറിനുള്ള 1704.66 കോടിയുമടക്കം ആകെ കടം 4430.73 കോടി രൂപയാണ്. 2013 ഏപ്രിലിന് ശേഷം സർവിസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനാണ്. ഈ ഇനത്തിൽ ശമ്പളത്തിൽനിന്ന് പിടിച്ച തുക ഇനിയും കണക്കിൽപെടുത്തിയിട്ടില്ല. ആകെയുള്ള 40,894 ജീവനക്കാരിൽ 8629 പേർ താൽക്കാലിക ജീവനക്കാരാണ്. 45,000ത്തോളം തൊഴിലാളികളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
