മുഖ്യമന്ത്രിയുടെ ഉറപ്പ്: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ സമരം പിന്‍വലിച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ മാസം തോറും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പെന്‍ഷന്‍കാരുടെ സംഘടനകള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് പെന്‍ഷന്‍കാരുടെ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്.
സഹകരണ ബാങ്കുകള്‍വഴി മാസം തോറും പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സംഘടനാ പ്രിതനിധികളെ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നുണ്ട്. കണ്‍സോര്‍ഷ്യവും സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിടും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിനാല്‍ പെന്‍ഷന്‍കാര്‍ അവരവരുടെ താമസസ്ഥലത്തെ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണം. ഈ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ ലഭ്യമാക്കും.
കുടിശ്ശികയും തീര്‍ത്തു നല്‍കും.
പെന്‍ഷന്‍ നല്‍കുന്നത് കെ.എസ്.ആര്‍.ടി.സി തന്നെയായിരിക്കും. എന്നാല്‍ ഇപ്പോഴത്തെ വിഷമസാഹചര്യം പരിഗണിച്ച് ഇതിനാവശ്യമായ ഫണ്ട് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. ഫണ്ട് ലഭ്യമാക്കാനുളള വഴി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വ്യക്തമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ സമരം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയും സംഘടനകള്‍ അതു അംഗീകരിക്കുകയും ചെയ്തു.
ചര്‍ച്ചയില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എ. ഹേമചന്ദ്രന്‍, സമരസഹായസമിതി കണ്‍വീനര്‍ ആനത്തലവട്ടം ആനന്ദന്‍, അഡ്വ. പി.എ. മുഹമ്മദ് അഷ്റഫ്, കെ. ജോണ്‍ (കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍) വി. രാജഗോപാല്‍, ഡി. അശോക് കുമാര്‍ (റിട്ടയര്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസേഴ്സ് ഫോറം) എ. ഹബീബ് (ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് വെല്‍ഫേര്‍ അസോസിയേഷന്‍) എന്നിവരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
