വിദ്യാർഥി കൺസഷൻ: പിന്നോട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: പ്രതിഷേധം ശക്തമാകുമ്പോഴും വിദ്യാർഥി യാത്ര കൺസഷനിൽ വരുത്തിയ നിയന്ത്രണങ്ങളിൽനിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് കെ.എസ്.ആർ.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ഥാപനത്തിന് ഇത്തരമൊരു നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.
വിവിധ യാത്രസൗജന്യങ്ങളുടെ വകയിൽ 2016 മുതൽ 2020 വരെ 966.31 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ തുക സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെ.എസ്.ആർ.ടി.സി സർക്കാർ നിർദേശപ്രകാരം പ്രതിമാസം നൽകുന്നത് 28.5 കോടി രൂപയുടെ സൗജന്യ യാത്രയാണ്. ഇതിൽ 14 കോടി രൂപയോളം വിദ്യാർഥികൾക്കുള്ളതാണ്.
യു.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്ത് ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി യാത്ര സൗജന്യമാക്കി പ്രഖ്യാപനം നടത്തിയത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾമുതൽ വിദ്യാർഥി യാത്രസൗജന്യം നിയന്ത്രിക്കണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെടുന്നുണ്ട്. കൺസഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

