അധിക ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി; കലക്ഷനിലും പ്രതീക്ഷ
text_fieldsതിരുവനന്തപുരം: സ്വകാര്യബസ് പണിമുടക്കിനെ നേരിടാനും വരുമാനം വർധിപ്പിക്കാനും കെ.എസ്.ആർ.ടി.സിയുടെ വിപുലക്രമീകരണങ്ങൾ.
സ്വകാര്യബസുകൾ സർവിസ് നടത്തുന്ന മേഖകളിലേക്ക് കൂടുതൽ ട്രിപ്പുകൾ നടത്തിയാണ് യാത്രക്ലേശം പരിഹരിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ഇടപെടൽ. അവധിയിലുള്ള ജീവനക്കാരെയെല്ലാം തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യെപ്പട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച മാത്രം 2000 ട്രിപ്പുകൾ അധികമായി നടത്താൻ കഴിഞ്ഞതായും കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. യാത്രക്കാരുടെ ആവശ്യകത തിരിച്ചറിഞ്ഞ് സർവിസ് അയക്കുന്നതിന് യൂനിറ്റ് അടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഇവർ റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ചാണ് പ്രത്യേക സർവിസുകളുടെ ക്രമീകരണം. വർക്ക് ഷോപ്പുകളിലുള്ള ബസുകളിൽ അടിയന്തരമായി തകരാറ് പരിഹരിച്ച് സാധ്യമാകുന്നവയെല്ലാം വെള്ളിയാഴ്ച നിരത്തിെലത്തിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലെല്ലാം നിന്നുതിരിയാനാകാത്തവിധം തിരക്കായിരുന്നു വെള്ളിയാഴ്ച. ഗ്രാമമേഖലകളിൽനിന്ന് നഗരത്തിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവിസുകളടക്കം എല്ലാ സ്റ്റോപ്പിലും നിർത്തി ഫലത്തിൽ ഒാർഡിനറിയായാണ് ഒാടിയത്. സ്വകാര്യ ബസിൽ കൺെസഷൻ ടിക്കറ്റിൽ യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് ചാർജ് പൂർണമായും നൽകേണ്ടി വന്നു.
പ്രവൃത്തിദിവസമായ ശനിയാഴ്ചയും സമാനക്രമീകരണങ്ങൾതന്നെ ഏർപ്പെടുത്തും. ആവശ്യമുള്ള സാഹചര്യങ്ങളിൽ തിരക്ക് കുറഞ്ഞ മറ്റ് ഡിപ്പോകളിൽനിന്ന് ബസെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.
സർവിസ് ക്രമീകരിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലെ പ്രധാന റൂട്ടുകളിൽ ഇൻസ്പെക്ടർമാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
കലക്ഷനിലും വലിയ വർധനയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ സർവിസ് നടത്തുന്ന മൊത്തം ബസുകളുടെ 27 ശതമാനം മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ വിഹിതം. ആകെയുള്ള അഞ്ച് സോണുകളിൽ തിരുവനന്തപുരം മേഖലയിൽ ഇത് 70 ശതമാനവും കൊല്ലം മേഖലയിൽ 40 ശതമാനവും എറണാകുളത്ത് 30 ശതമാനവും തൃശൂർ, കോഴിക്കോട് മേഖലകളിൽ 20 ശതമാനവുമാണ് കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
