കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആനുകൂല്യ വർധന പരിഗണനയിൽ -മന്ത്രി സി.പി. ജോൺ
text_fieldsകണ്ണൂർ: കെ.എസ്.ആർ.ടി.സി തൊഴിലാളികളെകൊണ്ടും സംഘടനകളെക്കൊണ്ടും ഗുണമല്ലാതെ വകുപ്പിന് ദോഷമൊന്നുമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ സന്ദർശിച്ച് ടി.ഒ. മോഹനൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ബസ് വാങ്ങുന്നതിനുള്ള 45 ലക്ഷം രൂപ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രിയദർശിനി ബസ് സർവിസ് നടപ്പാക്കി തൊഴിലാളികളുടെ ജോലി ഭാരം കൂടിയിട്ടും തൊഴിലാളികൾ കൂടുതൽ കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും ശമ്പള വർധനയും പെൻഷനും ഡി.എയും വർധിപ്പിക്കുന്നത് പരിഗണനയിലൂണ്ടെങ്കിലും തൽക്കാലം അജണ്ടയിലില്ലെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഉടമകളിൽനിന്ന് ബസുകൾ വാടകക്കെടുക്കുന്നതിന് ചിലർ ആശങ്ക ഉയർത്തിയിട്ടുണ്ട്. വാഹന ഉടമകൾ തന്നെയാണ് ഡീസൽ അടിക്കേണ്ടതും അറ്റകുറ്റപണികൾ നടത്തേണ്ടതും ഇൻഷുറൻസ് തുക ഉൾപ്പെടെ അടക്കേണ്ടതും.
കാപിറ്റൽ എക്സ്പെൻഡിച്ചർ കുറച്ച് ഓപറേഷനൽ എക്സ്പെൻഡിച്ചർ നിയന്ത്രിച്ചാൽ ട്രാൻസ്പോർട്ട് കോർപറേഷൻ മെച്ചപ്പടും. അതിന്റെ ഭാഗമായാണ് ബസുകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നത്.
ഏതാണ്ട് 200ഓളം ബസുകൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കണ്ണൂരിലെ അമ്മമാരുടെ കൂട്ടായ്മയായ ‘മദർസ് ഓൺ എ മിഷൻ’ അംഗങ്ങൾ കെ.എസ്.ആർ.ടി.സി ഡിപോയിലെ വനിതകളുടെ വിശ്രമ മുറിയിലേക്ക് നൽകുന്ന കട്ടിൽ, കിടക്ക , ഫാൻ തുടങ്ങിയവയും ഭാരവാഹികൾ മന്ത്രിക്ക് കൈമാറി.
തുടർന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ട്രാൻസ്പോർട് മാനേജ്മെന്റ് കമ്മിറ്റി ചേർന്നു. കണ്ണൂർ ഡിപ്പോ പൊളിച്ച് നവീകരിക്കുമ്പോൾ വളരെയേറെ ശ്രദ്ധവേണമെന്നും പത്തും പന്ത്രണ്ടും നിലയിലുള്ള കെട്ടിടങ്ങൾ പണിയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കെട്ടിടം ആര് വാടകക്കെടുക്കും എന്ന ചിന്ത ആദ്യം മനസിൽ വേണമെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. ടി.ഒ. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി മേയർ കെ.ടി. താഹിർ, വിവിധ രാഷ്രടീയപാർട്ടി നേതാക്കളായ ഒ.കെ. വിനീഷ്, സുധീഷ് കടന്നപ്പള്ളി, മുഹമ്മദ് ഷമ്മാസ്, ടി. അജിത്ത് എന്നിവർ സംബന്ധിച്ചു.

