കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസുകൾ ക്ലാസ് മുറികളാകുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ലോഫ്ലോർ ബസുകൾ ക്ലാസ് മുറികളാകുന്നു. ആദ്യഘട്ടമെന്ന നിലയിൽ രണ്ട് ലോഫ്ലോർ ബസുകൾ മണക്കാട് ടി.ടി.ഐക്ക് വിട്ടുനൽകുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു.
കാലപ്പഴക്കം മൂലം നിരത്തിലിറക്കാനാകാതെ നശിക്കുന്ന നിരവധി ബസുകൾ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലുണ്ട്. ഇവയിൽ ചിലത് നേരത്തേ വാണിജ്യ ഔട്ട്ലെറ്റുകൾക്ക് നൽകിയിരുന്നു. ഇത്തരം ബസുകളാണ് സ്കൂളുകൾക്ക് നൽകാൻ ആലോചിക്കുന്നത്. അതേസമയം പ്രഖ്യാപനമോ പദ്ധതിയോ ആയി ഇതിനെ പരിഗണിക്കാനാകില്ലെന്നും നിർദേശം മാത്രമാണെന്നും വിലയിരുത്തലുണ്ട്.
ബസുകൾ ക്ലാസ് മുറികളാക്കുന്നതിൽ വിദ്യാഭ്യാസവകുപ്പിന്റെ നിലപാടും നിർണായകമാണ്. പ്രായോഗികതയിലും വ്യക്തതക്കുറവുണ്ട്. വിദ്യാർഥികൾക്ക് കൗതുകവും പുതിയ അനുഭവവും എന്ന നിലക്കായിരിക്കും ബസുകൾ നൽകുന്നതെന്നാണ് വിവരം.
വിദ്യാഭ്യാസമന്ത്രി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം. 'ഒന്നാന്തരം ലോഫ്ലോർ ബസ് സ്കൂളുകളിലേക്കെത്തും. ഇനിയിപ്പോ ബസ് മതി, ക്ലാസ് മുറിക്ക് കെട്ടിടം വേണ്ടെന്ന് പറയരുതെന്ന' തമാശ പൊട്ടിച്ചായിരുന്നു ആന്‍റണി രാജുവിന്‍റെ പരാമർശങ്ങൾ.
സ്പെയർപാർട്സ് വാങ്ങാൻ പണമില്ലാത്തതിനാലും സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാലും എ.സി ലോഫ്ലോർ ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്തായിരുന്നു. കോവിഡ് കാലത്ത് ഓട്ടം നിലക്കുകകൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ബസുകളാണെങ്കിലും മാസങ്ങളോളം ഓടിക്കാതെ ഇട്ടതിനാൽ വീണ്ടും സര്‍വിസ് നടത്തണമെങ്കില്‍ വൻ തുക മുടക്കി അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

