നൂറ് കോടിയുടെ കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്; 104 ലോഫ്ലോറുകൾ പണിമുടക്കിയിട്ട് മാസങ്ങൾ
text_fieldsകൊച്ചി: സ്പെയർപാർട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് കെ.എസ്.ആർ.ടി.സിയുടെ 104 ലോഫ്ലോർ ബസ്. ലക്ഷങ്ങൾ വിലയുള്ള സ്കാനിയയും വോൾവോയും ഇതിൽ ഉൾപ്പെടും. 11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയിൽ വ്യക്തമാകുന്നു.
509 ലോഫ്ലോർ ബസാണ് കോർപറേഷനുള്ളത്. ഇതിൽ 17 സ്കാനിയ, 202 വോൾവോ, 290 ഇന്ത്യൻ നിർമിത ലോഫ്ലോർ ബസുകൾ എന്നിവയാണുള്ളത്.
അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതും സ്പെയർപാർട്സ് കിട്ടാത്തതുമാണ് 104 ബസ് ഓടിക്കാൻ കഴിയാത്ത അവസ്ഥയിലാകാൻ കാരണം. വാടകക്കരാർ വ്യവസ്ഥയിൽ 10 ഇലക്ട്രിക് ബസ് നിരത്തിലിറക്കിയെങ്കിലും ഇപ്പോൾ ഒന്നും സർവിസ് നടത്തുന്നില്ല.
സി.എൻ.ജിയിൽ ഓടിക്കാവുന്ന ഒരുബസ് എറണാകുളം ഡിപ്പോയിൽ സർവിസ് നടത്തുന്നുണ്ട്. ഒരു വോൾവോ ബസ് നിരത്തിലിറക്കാൻ 93.01 ലക്ഷമാണ് െചലവ്. ലൈലൻഡ് ബസ് നിരത്തിലിറക്കാൻ 39.42 ലക്ഷവും ടാറ്റ ലോഫ്ലോർ ബസ് നിരത്തിലിറക്കാൻ 39.46 ലക്ഷവുമാണ് വേണ്ടിവരുന്നത്. മൾട്ടി ആക്സിൽ സ്കാനിയക്ക് 99.15 ലക്ഷവും വോൾവോ മൾട്ടി ആക്സിലിന് 94.39ലക്ഷവുമാണ് െചലവ്.
202 വോൾവോ ലോഫ്ലോർ ബസും 17 സ്കാനിയ ലോഫ്ലോറും ഉള്ളതിൽ നിരത്തിലുള്ളത് 132 എണ്ണം മാത്രമാണ്. അതായത് 219 ഇറക്കുമതി വോൾവോ, സ്കാനിയ ബസുകളിൽ 87എണ്ണവും കട്ടപ്പുറത്താണ്. അപകടത്തിൽ തകർന്ന ഒരു സ്കാനിയ, വോൾവോ, അശോക് ലൈലൻഡ് എന്നിവ ഇതിനുപുറമെയാണ്.
വിദേശനിർമിത ബസുകൾ നിരത്തിലിറക്കുമ്പോഴുണ്ടാകുന്ന അറ്റകുറ്റപ്പണിക്കും മറ്റും കെ.എസ്.ആർ.ടി.സിക്ക് സംവിധാനമില്ലാത്തതാണ് കോടികളുടെ നഷ്്ടത്തിനിടയാക്കുന്നത്. വിവരാവകാശ നിയമപ്രകാരം പ്രോപ്പർ ചാനൽ പ്രസിഡൻറ് എം.കെ. ഹരിദാസിനാണ് ഇക്കാര്യങ്ങൾ വിശദമാക്കി കോർപറേഷൻ മറുപടി നൽകിയത്.