സ്ത്രീകളേ, വരൂ... ഇനി ഫ്രീയായി പോകാം; കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര തുടങ്ങി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ തുടങ്ങി. ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കും ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്. ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.
പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എ.ഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്.
3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

