കെ.എസ്.ആർ.ടി.സി ഭൂമിനഷ്ടം: ബി.ഒ.ടി വ്യവസ്ഥ അസാധുവാകും
text_fieldsകോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഏക്കറിലധികം ഭൂമി ധനകാര്യസ്ഥാപനമായ കെ.ടി.ഡി.എഫ്.സിക്ക് കൈമാറുന്നതോടെ ബി.ഒ.ടി വ്യവസ്ഥ അസാധുവാകും. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 2015ൽ ബി.ഒ.ടി അടിസ്ഥാനത്തിൽ കെ.ടി.ഡി.എഫ്.സി നിർമിച്ച വ്യാപാരസമുച്ചയം നിൽക്കുന്ന ഭൂമിയാണ് കൈമാറുന്നത്.
മുടക്കുമുതൽ ഈടാക്കിയശേഷം കെട്ടിടം ഭൂവുടമയായ കെ.എസ്.ആർ.ടി.സിക്ക് കൈമാറുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന വ്യവസ്ഥ. ഇതുകൂടാതെ വരുമാനത്തിന്റെ നിശ്ചിത വിഹിതം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. അതോടൊപ്പം ബസ് സ്റ്റാൻഡിനുള്ളിലെ വരുമാനം നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുമെന്നായിരുന്നു ആദ്യധാരണ. ഈ ധാരണകളൊന്നും ഇനി നടപ്പാവില്ല. കെട്ടിടം നിൽക്കുന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിലാണെങ്കിലേ ഈ വ്യവസ്ഥക്ക് നിയമപ്രാബല്യമുണ്ടാവൂ. കെട്ടിടത്തിന് മുകളിൽ ഇനി കെ.എസ്.ആർ.ടി.സിക്ക് ഒരു അവകാശവുമുണ്ടാവില്ല.
വ്യാപാരസമുച്ചയത്തിന്റെ നിർമാണത്തകരാർ പരിഹരിക്കാൻ ഭൂമി പണയംവെക്കാനാണ് കെ.ടി.ഡി.എഫ്.സിക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. വായ്പയെടുത്ത് കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള പണം കണ്ടെത്തുമെന്നാണ് പറയുന്നത്. 35 കോടി രൂപയാണ് ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ആധാരം പണയംവെച്ച് കോഴിക്കോട്ടെ ഒരു സഹകരണബാങ്കിൽനിന്ന് വായ്പയെടുക്കാനാണ് നീക്കം.
നടപടികൾ വേഗത്തിലാക്കാൻ കെട്ടിടം പാട്ടത്തിനെടുത്ത സ്വകാര്യകമ്പനി സർക്കാറിൽ സമ്മർദംചെലുത്തുന്നുണ്ട്. ജില്ല കലക്ടർ ചെയർമാനായ സമിതി ഭൂമിയുടെ വില കണക്കാക്കുന്ന നടപടികൾ തുടങ്ങി. ഒരു സെന്റ് ഭൂമിക്ക് അരക്കോടിയിലേറെയാണ് മാവൂർ റോഡിലെ മോഹവില. രണ്ടേക്കർ ഭൂമിക്ക് 100 കോടിയിലേറെ രൂപയാണ് മതിപ്പ് വില. 76 കോടി രൂപ ചെലവിൽ നിർമിച്ച വ്യാപാരസമുച്ചയത്തിന്റെ അറ്റകുറ്റപ്പണിക്ക് 35 കോടി രൂപ കണ്ടെത്താനാണ് 100 കോടി രൂപയുടെ സ്ഥലം കെ.എസ്.ആർ.ടി.സി വിട്ടുകൊടുക്കേണ്ടിവരുന്നത്. പുതിയ വ്യവസ്ഥപ്രകാരം ലാഭത്തിന്റെ 50 ശതമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുമെന്നാണ് വിവരം. സാമ്പത്തികമായി തകർന്നുകിടക്കുന്ന കെ.ടി.ഡി.എഫ്.സിയിൽനിന്ന് കെ.എസ്.ആർ.ടി.സിക്ക് ലാഭവിഹിതം കിട്ടാൻ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നതാണ് ചോദ്യം.