ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി
text_fieldsകൊല്ലം: ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് അവധിക്കാലം ആഘോഷമാക്കാൻ ജനുവരി രണ്ടുവരെ 20 ഓളം ഉല്ലാസയാത്രകളാണ് കെ.എസ്.ആർ.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെൽ ഇതിനോടകം തയാറാക്കിയിരുന്നത്. രാമക്കൽമേട്, പാണിയേലിപ്പോര്, അയ്യപ്പക്ഷേത്രങ്ങൾ, തിരുവനന്തപുരം ദർശൻ എന്നിങ്ങനെ നിരവധി യാത്രകൾ പുതുതായി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഡിസംബർ പകുതിയിൽ പൊന്മുടി യാത്രയോടെയാണ് അവധിക്കാല ഉല്ലാസയാത്രകൾ ആരംഭിച്ചത്.
പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ ഇതെല്ലാം കണ്ടശേഷം പൊന്മുടിയിൽ എത്തുന്ന ട്രിപ്പിന് എല്ലാ എൻട്രിഫീസും ബസ് ചാർജും ഉൾപ്പെടെ 770 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. ഡിസംബർ 25 നും 31നും പൊന്മുടി യാത്ര പ്രത്യേകമായി ഉൾെപ്പടുത്തിയിട്ടുമുണ്ട്. ജനപ്രിയ ഉല്ലാസയാത്രയായ ‘ഗവി’ 28, 30 എന്നീ ദിവസങ്ങളിലായാണ് ചാർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 24നും ജനുവരി രണ്ടിനും വാഗമൺ ട്രിപ് ഉണ്ടായിരിക്കും.
അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചിസവാരിയും ആന മ്യൂസിയവും കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ കുളിയും അച്ചൻകോവിൽ ക്ഷേത്രദർശനവും ഉൾപ്പെടുന്ന ട്രിപ്പിന് 600 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
ഡിസംബർ 27ന്റെ തിരുവനന്തപുരം ദർശൻ യാത്ര ‘ബാല്യകാല നൊസ്റ്റാൾജിയ’ എന്നപേരിലാണ് അവതരിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം മൃഗശാല-കാഴ്ചബംഗ്ലാവ്, നക്ഷത്രബംഗ്ലാവ്, കുതിരമാളിക ചിത്രകലാ മ്യൂസിയം, വാക്സ് മ്യൂസിയം എന്നിവ കണ്ടതിനുശേഷം വൈകീട്ട് നാലിന് തുറന്ന ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റി ശംഖുംമുഖത്തേക്ക് പോയി തിരിച്ചെത്തുംവിധമാണ് യാത്ര. ഒരാൾക്ക് 700 രൂപയാണ് ചാർജ്. രണ്ടുദിവസത്തെ മൂന്നാർ-കാന്തല്ലൂർ-മറയൂർ യാത്ര ഡിസംബർ 29 രാവിലെ അഞ്ചിന് ആരംഭിച്ച് 30 അർധരാത്രിയോടെ മടങ്ങിയെത്തും. രണ്ടുദിവസത്തെ യാത്രക്കും താമസത്തിനും ഉൾപ്പെടെ 1730 രൂപയാണ് ചാർജ്. സിംഗിളായോ ഫാമിലിയായോ അല്ലാതെ സ്കൂളുകളിലോ കലാലയങ്ങളിൽനിന്നോ യാത്രകൾ ബുക്ക് ചെയ്യാം.
കൂടാതെ ഡിസംബർ 30, 31, ജനുവരി രണ്ട് ദിവസങ്ങളിലായി ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് കൊല്ലത്തുനിന്നും രാവിലെ അഞ്ചിന് തീർഥാടനയാത്ര ഉണ്ടായിരിക്കും. കൂടാതെ ഏറ്റുമാനൂർ, വള്ളിയൂർ ഗണപതി ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രങ്ങളും സന്ദർശിക്കും. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലകളിലേക്ക് പ്രത്യേക സർവിസുകൾ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

