കെ.എസ്.ആർ.ടി.സി: നഷ്ട സര്‍വിസുകള്‍ നിര്‍ത്തണമെന്ന എം.ഡിയുടെ ഉത്തരവ് അട്ടിമറിക്കുന്നു
text_fieldsകോട്ടയം: വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ സര്‍വിസുകള്‍ ക്രമീകരിച്ചും നഷ്ടത്തിലായവ അടിയന്തരമായി നിര്‍ത്തിയും കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള മാനേജ്മെന്‍റ് നീക്കം ഡിപ്പോ തലത്തില്‍ അട്ടിമറിക്കുന്നു. രാഷ്ട്രീയക്കാരുടെ ഭീഷണിക്കൊപ്പം ഡ്യൂട്ടി ഇല്ലാതാകുമെന്ന ആശങ്കയില്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ എം.ഡിയുടെ നീക്കത്തെ എതിര്‍ക്കുന്നതും ഡി.ടി.ഒമാരെയും എ.ടി.ഒമാരെയും പലയിടത്തും നിസ്സഹായരാക്കുകയാണ്.
കെ.എസ്.ആര്‍.ടിസിയുടെ 3600 ഓര്‍ഡിനറി സര്‍വിസുകളില്‍ 2800ലധികവും കൊടിയ നഷ്ടത്തിലാണെന്നും ഇവ അടിയന്തരമായി നിര്‍ത്തണമെന്നുമുള്ള മാനേജിങ് ഡയറക്ടറുടെ ഉത്തരവിനു ഡിപ്പോ തലത്തില്‍ പുല്ലുവിലയാണ്. നഷ്ട സര്‍വിസുകളില്‍ പകുതിപോലും നിര്‍ത്തിയിട്ടില്ല. നഷ്ട സര്‍വിസുകളുടെ വ്യക്തമായ കണക്കുപോലും പല ഡിപ്പോകളില്‍നിന്നും പുറത്തുവന്നിട്ടില്ല.
അശാസ്ത്രീയ സര്‍വിസുകളാണ് പല ഡിപ്പോകളിലും. ഡി.ടി.ഒമാരും യൂനിയന്‍ നേതാക്കളും നടത്തുന്ന പുന$ക്രമീകരണം കോര്‍പറേഷനെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പും ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നു. പലയിടത്തും രാഷ്ട്രീയക്കാരുടെ ഭീഷണിക്ക് ഉദ്യോഗസ്ഥര്‍ മുട്ടുമടക്കുകയാണ്. ഉത്തരവ് അട്ടിമറിക്കാന്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളും ജീവനക്കാര്‍ക്ക് ഒപ്പം രംഗത്തുണ്ട്. ഓര്‍ഡിനറി സര്‍വിസുകള്‍ നഷ്ടത്തിലാണെങ്കിലും നിര്‍ത്തലാക്കിയാല്‍ ജനരോഷമുണ്ടാകുമെന്നാണു രാഷ്ട്രീയക്കാരുടെ ആശങ്ക. ദീര്‍ഘദൂര സര്‍വിസുകള്‍ ഒഴിവാക്കി ചെറിയ ഡ്യൂട്ടിയില്‍ ഹാജരാവുന്ന ജീവനക്കാരും രഹസ്യമായി ഇവര്‍ക്കൊപ്പം എം.ഡിയുടെ ഉത്തരവ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്.
ജനുവരി 31നകം നഷ്ട സര്‍വിസ് നിര്‍ത്തണമെന്നാണ് എം.ഡിയുടെ അന്ത്യശാസനം. ചില ഡിപ്പോകളില്‍ ഓര്‍ഡിനറി സര്‍വിസുകള്‍ നിര്‍ത്തലാക്കുകയും പുന:ക്രമീകരിക്കുകയും ചെയ്തതോടെ പ്രതിദിന കലക്ഷനില്‍ വര്‍ധനയുണ്ട്. പ്രതിദിന വരുമാനം 5.50 കോടിയില്‍നിന്ന് ആറു കോടിയായി. കൂടുതല്‍ സര്‍വിസുകള്‍ പുന:ക്രമീകരിച്ചാല്‍ പ്രതിദിന വരുമാനം 6.50 കോടിയാകുമെന്നാണ് കണക്കുകൂട്ടല്‍. പലയിടത്തും സ്വകാര്യ ബസുടമകളുടെ താല്‍പര്യത്തിനനുസരിച്ച് ഇപ്പോഴും സര്‍വിസ് നടത്തുന്നുണ്ടെന്ന വിവരവും കോര്‍പറേഷന്‍ പരിശോധിക്കുന്നുണ്ട്.
മധ്യകേരളത്തില്‍ ഓര്‍ഡിനറി സര്‍വിസുകളധികവും വന്‍ നഷ്ടത്തിലാണ്. ദേശസാത്കൃത റൂട്ടുകള്‍ മാത്രമാണ് അപവാദം. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ സ്വകാര്യ ബസ് ലോബിയാണ് കെ.എസ്.ആര്‍.ടി.സിയെ നിയന്ത്രിക്കുന്നത്. മലബാറില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇതാണ് സ്ഥിതി. ദീര്‍ഘദൂര സര്‍വിസുകളില്‍ വരുമാനനഷ്ടം ഏറെയും മലബാറിലാണ്. സ്വകാര്യ ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി വഴിമാറുന്നതായി കണ്ടത്തെിയതിനാല്‍ ഇവിടെ ദീര്‍ഘദൂര സര്‍വിസുകളും ക്രമീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
