ക്രിക്കറ്റ് കാണാനെത്തുന്നവർ പെരുവഴിയിലാകില്ല; കൂടുതൽ സർവിസുകളൊരുക്കി കെ എസ് ആർ ടി സി
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം കാണാൻ എത്തുന്നവർക്കായി കൂടുതൽ സർവിസുകളൊരുക്കി കെ.എസ്.ആർ.ടി.സി. ബുധനാഴ്ച വൈകീട്ട് നാലുമുതൽ കാര്യവട്ടം സ്റ്റേഡിയത്തിലേക്കും, ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനുശേഷം തിരിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കും ആവശ്യാനുസരണം സർവിസുകൾ ഓപറേറ്റ് ചെയ്യും.
തിരുവനന്തപുരം സെൻട്രൽ യൂനിറ്റിൽനിന്നും കാര്യവട്ടം സ്റ്റേഡിയത്തിലേക്കും രാത്രി തിരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേക്കുമാണ് സർവിസുകൾ. യൂനിറ്റുകളിൽ നിന്നുള്ള പതിവ് സർവിസുകൾക്ക് പുറമേയാണിത്.
വൈകീട്ട് മൂന്നുമുതൽ കണിയാപുരം, വികാസ് ഭവൻ യൂനിറ്റുകളിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർമാർ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചും പാപ്പനംകോട് ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ, പേരൂർക്കട ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എന്നിവർ തിരുവനന്തപുരം സെൻട്രൽ യൂനിറ്റ് കേന്ദ്രീകരിച്ചും പ്രത്യേക സർവിസുകൾ ക്രമീകരിക്കും. ആറ്റിങ്ങൽ ക്ലസ്റ്റർ ഓഫിസർ കാര്യവട്ടം കേന്ദ്രീകരിച്ചും ആറ്റിങ്ങൽ അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫിസർ തിരുവനന്തപുരം സെൻട്രൽ യൂനിറ്റ് കേന്ദ്രീകരിച്ചും സർവിസ് ഓപറേഷന് മേൽനോട്ടം വഹിക്കും.
ഉച്ചക്കുശേഷം ദീർഘദൂര സർവിസുകളിലെ യാത്രക്കാർ ആവശ്യപ്പെട്ടാൽ സ്റ്റേഡിയത്തിന് സമീപം നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും നിർദേശിച്ചിട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മുതൽ കണിയാപുരം വരെയും കാര്യവട്ടം കാമ്പസിനുള്ളിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള അനുമതി പൊലീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

