കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളുടെ വേഗത 80 ആയി ഉയർത്തി
text_fieldsതിരുവനന്തപുരം: കേരളത്തിൽ പൊതുഗതാഗതവിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി സർക്കാർ വിജ്ഞാപനമായതോടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ വേഗതകുറവെന്ന പരാതിക്ക് പരിഹാരമായെന്ന് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
കേന്ദ്ര നിയമത്തിനനുസൃതമായി വിവിധ നിരത്തുകളിൽ കേരളത്തിലെ വാഹനങ്ങളുടെയും വേഗത പുനർനിശ്ചയിക്കാൻ മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
നിലവിലുണ്ടായിരുന്ന കേരള സർക്കാർ വിജ്ഞാപനം അനുസരിച്ച് സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത ആണ് നൽകിയിരുന്നത്. എന്നാൽ വിവിധ നിരത്തുകളിൽ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു എന്ന പരാതികൾ വ്യാപകമായിരുന്നു.
കേരളത്തിലെ റോഡുകളിലെ വേഗത പുനനിർണയിച്ച് സർക്കാർ ഉത്തരവായതോടെയാണ് കെ.എസ്.ആർ.ടി.സി യുടേയും, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടേയും വേഗത മണിക്കൂറിൽ 80 കിലോ മീറ്റർ ആക്കാൻ തീരുമാനിച്ചത്. ഇപ്പോൾ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ചില റോഡുകളിൽ 95 കിലോമീറ്റർ വരെ വേഗപരിധി ഉണ്ടെങ്കിലും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേഗത 80 കിലോ മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു.
എന്നാൽ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തുന്ന ഗജരാജ് എ.സി സ്ലീപ്പർ തുടങ്ങിയ ബസുകളിലെ മണിക്കൂറിലെ വേഗത 95 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ യാത്രക്കാരെ വളരെ വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിന് കഴിയുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സർവീസുകളുടെ തുടക്കത്തിൽ ക്രിസ്വദൂര ബസുകളിൽ ഓടിച്ചു കൊണ്ടിരുന്ന ജീവനക്കാർക്ക് ദീർഘ ദൂര റൂട്ടുകളിൽ അനുഭവ പരിജ്ഞാനം കുറവായിരുന്നതിനാൽ ബസുകൾ അപകടങ്ങളിൽ പെടുന്നതും കൂടി കണക്കിലെടുത്താണ് പുതിയതായി സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിലിറക്കിയപ്പോൾ വേഗ പരിധി വളരെ കുറച്ച് നിജപ്പെടുത്തുവാൻ തീരുമാനിക്കുകയായിരുന്നു.
ഈ തീരുമാനം കൊണ്ട് ബസുകൾ അപകടങ്ങളിൽ പെടുന്നത് ഗണ്യമായി കുറക്കുന്നതിന് സാധിച്ചു. ഇപ്പോൾ ജീവനക്കാർ പരിചയം സിദ്ധിച്ചിരിയ്ക്കുന്നതിനാൽ സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള വേഗം ഉയർത്തുന്നതിന് തീരുമാനിക്കുകയിരുന്നു. കുറഞ്ഞ വേഗത മൂലം കഴിഞ്ഞ മൂന്നു മാസങ്ങളിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാനേജ്‌മെന്റ് നിർവ്യാജം ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

