
കെ.എസ്.ആർ.ടി.സി: പകുതി ശമ്പളത്തിൽ അവധി തുടങ്ങി, ലീവനുവദിച്ചത് 47 പേർക്ക്
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ പകുതി ശമ്പളത്തോടെയുള്ള ലീവ് സംവിധാനം (ഫർലോ ലീവ്) നടപ്പാക്കിത്തുടങ്ങി. പരമാവധി അഞ്ച് വര്‍ഷക്കാലം വരെയാണ് ലീവ്. കണ്ടക്ടര്‍ വിഭാഗത്തില്‍പെട്ട 37 ജീവനക്കാരും 10 മെക്കാനിക്കൽ വിഭാഗം ജീവനക്കാരുമാണ് ആദ്യഘട്ടത്തിൽ ഫർലോ ലീവ് നേടിയത്.
ഈ 47 പേരുടെ ശമ്പള ഇനത്തിൽ തന്നെ പ്രതിമാസം 10 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ. അടുത്ത ഘട്ടത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും ഓഫിസ് വിഭാഗം ജീവനക്കാർക്കും ഈ പദ്ധതി വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
അപേക്ഷിക്കാനുള്ള പ്രായപരിധിയായ 45 വയസ്സ് എന്നത് കുറക്കുന്ന കാര്യം ബോർഡിന്റെ സജീവ പരിഗണനയിലുമാണ്. ഫർലോ ലീവ് എടുക്കുന്ന ജീവനക്കാർക്ക് ജോലിയിലുള്ള ജീവനക്കാരോടൊപ്പം തന്നെ കൃത്യമായി ശമ്പളം നൽകുമെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. പകുതി ശമ്പളത്തില്‍ നിന്നും നിലവിലുള്ള ഡിപ്പാർട്മെന്റൽ / നോണ്‍ ഡിപ്പാർട്മെന്റൽ റിക്കവറികള്‍ കഴിച്ചുള്ള തുകയാവും ഫർലോ സമ്പ്രദായത്തില്‍ വരുന്ന ജീവനക്കാര്‍ക്ക് നല്‍കുക.
അവധിയിൽ ഇരിക്കുന്ന ജീവനക്കാരന് (ഫർലോ കാലയളവിൽ) വാര്‍ഷിക ഇന്‍ക്രിമെന്റ്, പെന്ഷന് എന്നിവ കണക്കാക്കും. എന്നാല്‍ ഗ്രേഡ് പ്രമോഷന് ഉള്‍പ്പടെയുള്ള പ്രമോഷനുകള്‍ക്ക് ഈ കാലയളവ് പരിഗണിക്കുകയില്ല. കേരളത്തിൽ ആദ്യമായാണ് ഫർലോ ലീവ് സമ്പ്രദായം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
