ക്ലച്ച് പിടിക്കുമോ കെ.എസ്.ആർ.ടി.സി ?, ജനറൽ മാനേജർമാർ പഠനം തുടങ്ങി
text_fieldsകെ.എസ്.ആർ.ടി.സി ജനറൽ മാനേജറായി നിയമിതനായ എസ്.എസ്. സരിൻ കോഴിക്കോട് ബസ് സ്റ്റാൻഡ് ടെർമിനൽ
സന്ദർശിച്ചപ്പോൾ
കോഴിക്കോട്: നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്ക് പ്രഫഷനൽ മുഖം നൽകി കരകയറ്റാൻ കെ.എ.എസിൽ(കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്)നിന്നു നിയമിക്കപ്പെട്ട ജനറൽ മാനേജർമാർ വിവിധ മേഖലകൾ സന്ദർശിച്ച് പഠനം തുടങ്ങി. കെ.എസ്.ആർ.ടി.സി ജനറൽ മാനേജറായി നിയമിക്കപ്പെട്ട മലപ്പുറം മുൻ ഡെപ്യൂട്ടി കലക്ടർ എസ്.എസ്. സരിൻ വ്യാഴാഴ്ച കെ.എസ്.ആർ.ടി ഉത്തരമേഖല ആസ്ഥാനമായ കോഴിക്കോട്ട് പ്രാഥമിക സന്ദർശനം നടത്തി.
ജനറൽ മാനേജർമാർക്ക് മേഖലകൾ വിഭജിച്ച് ഉത്തരവായിട്ടില്ലെങ്കിലും ഉത്തര മേഖലയുടെ ചുമതല എസ്.എസ്. സരിന് ആയിരിക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ബസ് സ്റ്റാൻഡ് ടെർമിനലും ഓഫിസും സന്ദർശിച്ച അദ്ദേഹം ഉദ്യോഗസ്ഥരിൽനിന്ന് നിലവിലെ പ്രവർത്തനരീതികൾ ചോദിച്ചറിഞ്ഞു. കെ.എസ്.ആർ.ടി.സിയെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽ ആവശ്യത്തിന് വായുസഞ്ചാരം ഇല്ലാത്തതു കാരണം യാത്രക്കാർ അനുഭവിക്കുന്ന വീർപ്പുമുട്ടലിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കും. നഷ്ടം കുറച്ച് വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് മറ്റൊരു ലക്ഷ്യം. കൊറിയർ സർവിസ് വിപുലീകരിക്കുന്നതിന് അധിക കൗണ്ടർ തുടങ്ങുന്നതും പരിഗണനയിലുണ്ട്. പാവങ്ങാട് ഡിപ്പോ, നടക്കാവ് റീജനൽ വർക്ക്ഷോപ് എന്നിവിടങ്ങളിലും സരിൻ സന്ദർശനം നടത്തി. ഒരേ ഡേറ്റ രണ്ടും മൂന്നു സെക്ഷനുകളിൽ സൂക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്പ്യൂട്ടർവത്കരണത്തിലൂടെ ഇത് ഏകീകരിച്ച് ജീവനക്കാരെ മറ്റു മേഖലകളിലേക്ക് വിന്യസിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മേഖല ഓഫിസർ മനോജ്കുമാർ, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ സുരേഷ്, മലപ്പുറം ഡി.ടി.ഒ ജോഷി ജോൺ, ഡിപ്പോ എൻജിനീയർ വിജയകുമാർ തുടങ്ങിയവർ ജനറൽ മാനേജർക്ക് മേഖലയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നാലു എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പോസ്റ്റ് റദ്ദാക്കിയാണ് കെ.എസ്.ആർ.ടി.സി കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിച്ചത്.
കോഴിക്കോട് ജില്ല ഓഡിറ്റ് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ ജോഷോ ബെനറ്റ് ജോൺ, സംസ്ഥാന ജി.എസ്.ടി ഇടുക്കി ഡെപ്യൂട്ടി കമീഷണർ ആർ. രാരാരാജ്, കണ്ണൂർ ഇറിഗേഷൻ പ്രോജക്ട് ഫിനാൻഷ്യൽ അസി. റോഷ്ന അലികുഞ്ഞ് എന്നിവരാണ് കെ.എസ്.ആർ.ടി.സി ജനറൽ മാനേജർമാരായി നിയമിക്കപ്പെട്ട മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

