Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഒരുമാസം ഈ ബസിൽ പോയാൽ...

‘ഒരുമാസം ഈ ബസിൽ പോയാൽ അവർ സേവ് ചെയ്യുന്നത് എത്രയാണ്? ഇത് സാമൂഹ്യ സാമ്പത്തിക വിപ്ലവം’ -ഷാഫി പറമ്പിൽ എം.പി

text_fields
bookmark_border
‘ഒരുമാസം ഈ ബസിൽ പോയാൽ അവർ സേവ് ചെയ്യുന്നത് എത്രയാണ്? ഇത് സാമൂഹ്യ സാമ്പത്തിക വിപ്ലവം’ -ഷാഫി പറമ്പിൽ എം.പി
cancel

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ചരിത്രപരമായ തീരുമാനവും പൊതുയുഗ പിറവിയുമാണെന്ന് ഷാഫി പറമ്പിൽ എം.പി. ഒരു ഫ്രീബി മാത്രമായിട്ട് ഇതിനെ കണക്കാക്കരുതെന്നും ശാക്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശിനി സർവിസിന്റെ ഉദ്ഘാടനത്തിനായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്‍സ്റ്റാൻഡിലെത്തിയ എംപി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ഇവിടെ നിന്ന് യൂനിവേഴ്സിറ്റി വരെ പോകാൻ ടിക്കറ്റിന് വേണ്ടി വരുന്നത് 28 രൂപയാണ്. തിരിച്ചു വരുമ്പോഴും 28 രൂപ. അതായത് 56 രൂപ വേണം. 25 ദിവസം ജോലിക്ക് പോയാൽ അവർ സേവ് ചെയ്യുന്നത് എത്രയാണ്? ആ തുക ഒരു മാസം അഡീഷണൽ വരുമാനമായി മാറുകയാണ്. സാമൂഹ്യ ക്ഷേമ പെൻഷൻ പോലെ അവർക്ക് ഉറപ്പുള്ള ഒരു തുകയായിട്ട് മാറാൻ പോവുകയാണ്. സാമൂഹ്യ സാമ്പത്തിക വിപ്ലവമാണിത്.

മെഡിക്കൽ കോളജ്, ഗുരുവായൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങി എവിടെ വേണമെങ്കിലും പോകാം. അത്രയും യാത്രകൾ സൗജന്യമായി വനിതകൾക്ക് നടത്താൻ കഴിയും എന്ന് പറയുമ്പോൾ വെറും ഒരു സൗജന്യ യാത്രയുടെ ഗുണം അല്ല അതിനുണ്ടാവുക. സാമൂഹ്യ സാമ്പത്തിക വിപ്ലവം എന്ന് ഇതിനെ നമുക്ക് വിളിക്കാൻ കഴിയും. ഒരു ഗവൺമെന്റും ഇതുവരെ ചെയ്തിട്ടില്ല. എന്തെങ്കിലും ഏറ്റക്കുറച്ചിലുകളോ മാറ്റങ്ങളോ അല്ല, പുതിയ തുടക്കമാണ്, ചരിത്രപിറവിയാണിത്’ -ഷാഫി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിലാണ് ‘പ്രിയദർശിനി പദ്ധതി’ പ്രകാരം സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുക. തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂരിൽനിന്ന് സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയും ഗതാഗതമന്ത്രി സി.പി. ജോൺ അടക്കമുള്ള മന്ത്രിമാരും ഉദ്ഘാടന ബസിൽ യാത്ര ചെയ്തു.

ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ അടക്കം ഓർഡിനറി നിരക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യയാത്ര അനുവദിക്കുന്നത്. ഇതിന് പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായപരിധിയോ വരുമാന പരിധിയോ ഇല്ലാതെ, എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കും.

പ്രതിദിനം രണ്ടുകോടി രൂപയാണ് ഈ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയാവുക. ഈ തുക പൂർണമായും സർക്കാർ വഹിക്കും. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾക്ക് മുന്നിലും വശങ്ങളിൽ വാതിലിന്റെ ഭാഗത്തും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിട്ടുണ്ട്.

വനിതാ യാത്രക്കാർക്ക് ലഭിക്കുന്നത് സീറോ ടിക്കറ്റാണെങ്കിലും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ ചേർക്കുമെന്നതിനാൽ യാത്രയുടെ മൂല്യം കൃത്യമായി മെഷീനിൽ രേഖപ്പെടുത്തും. ഇതിനുള്ള സോഫ്റ്റ്‌വെയർ ക്രമീകരണം ടിക്കറ്റ് മെഷീനിൽ ഏർപ്പെടുത്തി. പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എ.ഫ്.ടി) എന്ന പേരിലാണ് സൗജന്യ യാത്രക്കുള്ള ഓപ്ഷൻ ഇതിലുള്ളത്.

3,125 ബസുകളുപയോഗിച്ച് 2,900 ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപറേറ്റ് ചെയ്യുന്നത്. 1,268 ഷെഡ്യൂളുകളുള്ള ദക്ഷിണ മേഖലയിലാണ് കൂടുതൽ ബസുകൾ നിരത്തിലുള്ളത്. മധ്യമേഖലയിൽ 831ഉം വടക്കൻ മേഖലയിൽ 828ഉം ഓർഡിനറി ഷെഡ്യൂളുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi Parambilpublic transportKSRTCFree Travel For Women
Next Story