അഞ്ചുവർഷം വരെ ലീവ്, പകുതി ശമ്പളം നൽകും; ഓഫറിനോട് താൽപര്യമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsതിരുവനന്തപുരം: ചെലവുചുരുക്കലിന്റെ ഭാഗമായി പകുതി ശമ്പളത്തിൽ ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കുന്നതിന് കെ.എസ്.ആർ.ടി.സി നടപടി തുടങ്ങിയെങ്കിലും മാനേജ്മെന്റിന്റെ പ്രതീക്ഷക്ക് വിപരീതമായി തണുത്ത പ്രതികരണം.
പകുതി ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലെ ധനസ്ഥിതിയിൽ ഇത് എത്ര നാൾ കിട്ടുമെന്ന ആശങ്കയാണ് താൽപര്യമുള്ള തൊഴിലാളികൾ പോലും പൊതുവിൽ പങ്കുവെക്കുന്നത്. ഏതെങ്കിലും ഘട്ടത്തിൽ ശമ്പളം മുടങ്ങിയാൽ ജോലി ചെയ്യാത്തവരെന്ന നിലയിലെ ട്രേഡ് യൂനിയനുകളിൽ നിന്നും അധികൃതരിൽ നിന്നും എത്രത്തോളം പിന്തുണയും പരിഗണനയും കിട്ടുമെന്നതിലും ഉറപ്പില്ല. നിലവിൽ ജോലിചെയ്യുന്നവരുടെ ശമ്പളകാര്യത്തിൽ പോലും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
നിർബന്ധിത സ്വഭാവമില്ലാത്തതിനാൽ യൂനിയനുകളൊന്നും ലീവ് നീക്കത്തിൽ പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. പകുതി ശമ്പളത്തിൽ ഒരുവർഷം മുതൽ അഞ്ച് വർഷം വരെ അവധിയിൽ പോകാൻ താൽപര്യമുള്ള ജീവനക്കാരിൽ നിന്ന് ഫെബ്രുവരി നാലിനാണ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചത്. ഒരുവിഭാഗം ജീവനക്കാർ അവധിയിൽ പ്രവേശിക്കുന്നതോടെ പ്രതിമാസ ശമ്പളത്തിനായി നീക്കിവെക്കുന്ന തുക കുറയുമെന്നായിരുന്നു മാനേജ്മെന്റ് പ്രതീക്ഷ. ഇതുവഴി ശമ്പള പരിഷ്കരണ കരാർ നിലവിൽ വന്നതിനെ തുടർന്നുള്ള അധിക സാമ്പത്തികഭാരം ലഘൂകരിക്കാനാകുമെന്നും കണക്ക് കൂട്ടിയിരുന്നു.
45 വയസ്സിനുമുകളിൽ പ്രായമുള്ള കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കേ അപേക്ഷിക്കാനാകൂവെന്നാണ് ഉത്തരവിലെ വ്യവസ്ഥ. നിലവിൽ കോർപറേഷന്റെ സജീവ സേവനത്തിലുള്ളവരും പ്രൊബേഷൻ കാലാവധി പൂർത്തിയായവർക്കുമേ അപേക്ഷിക്കാനാവൂ.
ഗ്രേഡ് പ്രമോഷൻ ഉൾപ്പെടെയുള്ള സ്ഥാനക്കയറ്റങ്ങൾക്ക് അവധിക്കാലയളവ് പരിഗണിക്കില്ല. മുൻകൂർ അനുമതിയോടെ ദീർഘകാല അവധിയിൽ പ്രവേശിച്ച ജീവനക്കാർക്ക് ആ അവധിയുടെ കാലാവധി പൂർത്തിയാക്കി തിരികെ സർവിസിൽ പ്രവേശിച്ച ശേഷമേ 50 ശതമാനം ശമ്പളത്തോടുള്ള അവധിക്ക് അർഹതയുള്ളൂ.
സസ്പെൻഷനിലുള്ളവെരയും അനധികൃതമായി ജോലിക്ക് കയറാത്ത ജീവനക്കാരെയും പരിഗണിക്കില്ല. നിർബന്ധിത വിരമിക്കലിന് ഇതിനോടകം അപേക്ഷ നൽകിയവർക്കും അവസരമില്ല. നിലവിൽ മെഡിക്കൽ അവധിയിൽ തുടരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാമെങ്കിലും കോർപറേഷന്റെ തീരുമാനത്തിന് വിധേയമായിരിക്കും നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

