'വേറെ ബസിൽ കയറി പൊയ്ക്കോ', എന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ; 35,146 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമീഷൻ
text_fieldsപത്തനംതിട്ട: കെ.എസ്.ആർ.ടി.സിക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. 2024 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് ബസ് കാത്തുനിന്ന യാത്രക്കാരെ വഴിയിൽ ഉപേക്ഷിച്ച് സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനാണ് പിഴ ചുമത്തിയത്.
പരാതിക്കാരിയായ തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിനാണ് ടിക്കറ്റ് തുകയായ 146 രൂപയും 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 10,000 രൂപയും ഉൾപ്പെടെ ആകെ 35,146 രൂപ നൽകാനാണ് വിധിയായത്. തുക കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നൽകണമെന്നും വിധിയിൽ പറയുന്നു.
ശ്രുതിയും അച്ഛനും മറ്റു ചില ആശുപത്രി യാത്രക്കാരും കാട്ടാക്കടയിൽനിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ തിരുവല്ലയിൽ നിന്നും യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റേഷൻ മാസ്റ്റർ നിർദേശിച്ചത് പ്രകാരം രാവിലെ 7.30 മുതൽ തിരുവല്ല ഡിപ്പോയിൽ ബസ് കാത്തുനിന്നെങ്കിലും 8.10 ആയിട്ടും ബസ് എത്തിയില്ല. തുടർന്ന് ബസിലെ ക്രൂ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ബസ് തിരുവല്ല ഡിപ്പോയിൽ കയറാതെ കോട്ടയം എത്തിയെന്ന വിവരം അറിഞ്ഞത്. തുടർന്ന്, 'മറ്റ് ഏതെങ്കിലും ബസിൽ കയറി പോകാനായിരുന്നു' ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മറുപടി. സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോൾ ബസ് ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമായി.
ഉച്ചക്ക് 12.30ന് ഡോക്ടറെ കാണാൻ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്തിരുന്ന ശ്രുതി, ജോലിയിൽനിന്നും അവധിയെടുത്താണ് വരുന്നത്. എന്നാൽ, ബസ് വരാത്തതിനെത്തുടർന്ന് സമയത്ത് ആശുപത്രിയിൽ എത്തിച്ചേരാൻ സാധിച്ചില്ലെന്ന് മാത്രമല്ല യാത്ര റദ്ദാക്കി മടങ്ങേണ്ടി വരികയും ചെയ്തു. ഒറ്റക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മുൻനിർത്തിയാണ് കെ.എസ്.ആർ.ടി.സിയിൽ വിശ്വാസപൂർവം സീറ്റ് ബുക്ക് ചെയ്തതെന്ന് ശ്രുതി പരാതിയിൽ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മ മൂലം പരാതിക്കാരിക്ക് വലിയ സാമ്പത്തിക നഷ്ടവും കടുത്ത മാനസിക പ്രയാസവുമുണ്ടായി. സംഭവദിവസം തിരുവല്ല സ്റ്റേഷൻ മാസ്റ്റർക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നീട് ലഭിച്ച വിവരവകാശ മറുപടിയിൽ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാപ്പെഴുതി നൽകിയാൽ പിഴയോ മറ്റു ശിക്ഷാ നടപടികളോ ഉണ്ടാകാറില്ലെന്ന വിവരം ലഭിച്ചതോടെയാണ് ശ്രുതി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
പരാതി ഫയലിൽ സ്വീകരിച്ച കമീഷൻ ഇരുപക്ഷത്തെയും വിസ്തരിക്കുകയും ഹാജരാക്കിയ രേഖകൾ പരിശോധിക്കുകയും ചെയ്തു. പരാതിക്കാരിയുടെ വാദങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ വിധി പ്രസ്താവിച്ചത്. ടിക്കറ്റ് തുകയായ 146 രൂപക്ക് പുറമെ, യാത്രക്കാരിക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും കെ.എസ്.ആർ.ടി.സി തിരുവനന്തപുരം എം.ഡി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

