യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ മരണത്തിന് കീഴടങ്ങി
text_fieldsതാമരശ്ശേരി: 48 യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിർത്തി യാത്രക്കാരെ രക്ഷിച്ച കെഎസ്.ആർ.ടി.സി ബസ് ഡ്രൈവർ മരിച്ചു.
താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടകുന്നുമ്മൽ സിജീഷ് (48) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ പത്തോടെ മരിച്ചത്. കഴിഞ്ഞ നവംബർ 20ന് പുലർച്ചെ നാലോടെ താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട ബസ് തൃശൂർ കുന്നംകുളത്തെത്തിയപ്പോഴാണ് ഡ്രൈവറായ സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ബസ് സുരക്ഷിതമായി നിർത്തിയ ശേഷം സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. പക്ഷാഘാതത്തെ തുടർന്ന് ഗിയർ മാറ്റാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നിട്ടും അത് നിർവഹിച്ച് ബസ് സുരക്ഷിതമായി നിർത്താൻ സിജീഷ് അന്ന് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അണുബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ ശ്രീധരന്റെയും (കിരൻ ) മാളുവിന്റെയും മകനാണ്. സ്മിത ഭാര്യയും സാനിയ ഏക മകളുമാണ്. പ്രിജി സഹോദരിയാണ്. കെ.എസ്.ആർ.ടി.ഇ.എ. സംഘടനയുടെ പ്രവർത്തകനായിരുന്നു സിജീഷ്.
മൂന്നാറിൽ മുമ്പ് ഉണ്ടായ മണ്ണിടിച്ചിലിലും സിജീഷ് ഓടിച്ച കെ.എസ്.ആർ ടി.സി. ബസ് ഉൾപ്പെട്ടിരുന്നു. ബസിന്റെ ചില്ല് ഉൾപ്പെടെ അന്ന് തകർന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിയിലെത്തിച്ചിരുന്നു. വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴോടെ പുതുപ്പാടി പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

