കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രക്കാരനെ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ
text_fieldsവെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രക്കാരനെ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. യാത്രക്കാരന്‍റെ പരാതിയിൽ ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുപ്പോഴാണ് കഴമ്പില്ലെന്ന് സ്ഥിരീകരിച്ചത്.
പെട്ടെന്നുള്ള പ്രകോപനത്തിലുണ്ടായ വാക്കുതർക്കത്തെ ഓടിക്കൂടിയ നാട്ടുകാർ വക്രീകരിച്ച് മർദിച്ചെന്ന് വരുത്തുകയായിരുന്നു. യാത്രക്കാരനോടൊപ്പം ബസിൽ സഞ്ചരിച്ചിരുന്ന മകൾ മർദിച്ചെന്ന് പറഞ്ഞത് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഡ്രൈവർ മർദിച്ചതായി കണ്ടെത്താനായില്ല. സ്റ്റേഷനിൽ ഹാജരായ പരാതിക്കാരനും ഡ്രൈവറും തമ്മിൽ പൊലീസ് സാന്നിധ്യത്തിൽ രമ്യതയിൽ പിരിഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ വെഞ്ഞാറമൂട് ജങ്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരം-പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ അനൂപ് യാത്രക്കാരനായ ബാലരാമപുരം റസ്സൽപുരം സ്വദേശി ബിനുവിനെ മർദിച്ചെന്നായിരുന്നു പരാതി. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് എം.സി റോഡിൽ വെഞ്ഞാറമൂട് ജങ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരൻ ജങ്ഷനിൽ നിർത്തണമെന്ന് ആവശ്യപ്പെടുകയും സ്വയം ബെല്ലടിക്കുകയും ചെയ്തു.
നിർത്താതെ പോയ ബസ് ഡ്രൈവറെ യാത്രക്കാരൻ ബസിനുള്ളിൽ വെച്ച് അസഭ്യവർഷം നടത്തിയ ശേഷം ഗവ. ഹൈസ്കൂളിന് മുന്നിൽ ബസ് നിർത്തിയപ്പോൾ പുറത്തിറങ്ങി വാതിലിൽ അടിച്ച ശേഷം മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. ഡ്രൈവർ പുറത്തിറങ്ങി സഭ്യമായി സംസാരിക്കണമെന്നും വാഹത്തിൽ അടിക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട് നിന്ന നാട്ടുകാർ ബസിനടുത്തേക്ക് ഓടികൂടിയ നേരം യാത്രക്കാരൻ തന്നെ ഡ്രൈവർ മർദിച്ചുവെന്ന് പറയുകയായിരുന്നു.
കണ്ടു നിന്നവർ ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ തങ്ങൾക്ക് മാനഹാനിയുണ്ടായതായും മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും ബസിലെ ഡ്രൈവർ അനൂപും കണ്ടക്ടർ അരവിന്ദും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

