കെ.എസ്.ആർ.ടി.സി ചർച്ച വഴിമുട്ടി; പണിമുടക്കിലേക്ക് യൂനിയനുകൾ
text_fieldsതിരുവനന്തപുരം: ശമ്പളം ഗഡുക്കളാക്കിയ നടപടിയിൽ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. സി.ഐ.ടി.യുവിന് പിന്നാലെ ടി.ഡി.എഫുമായും ബി.എം.എസുമായും ഗതാഗത മന്ത്രി ആൻറണി രാജു നടത്തിയ ചർച്ച പരാജയപ്പെട്ടു. ശമ്പളം ഒറ്റത്തവണയായി നല്കാന് നിര്‍വാഹമില്ലെന്ന് മന്ത്രിയും മാനേജ്മെന്റും വ്യക്തമാക്കിയതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം. സ്വന്തം നിലക്ക് പണിമുടക്ക് പ്രഖ്യാപിക്കുന്നതിന് പകരം യൂനിയനുകളുടെ പൊതുപ്ലാറ്റ്ഫോം രൂപവത്കരിച്ച ശേഷം സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. പണിമുടക്ക് തീയതിയും സ്വഭാവവും കൂടിയാലോചിച്ച് തീരുമാനിക്കും.
തിങ്കളാഴ്ചയാണ് സി.ഐ.ടി.യുവിനെ മന്ത്രി ചർച്ചക്ക് വിളിച്ചത്. ശമ്പളം ഒറ്റത്തവണയാക്കണമെന്നതിൽ സി.ഐ.ടി.യു ഉറച്ചുനിന്നതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സമാന രീതിയിൽ ഒറ്റക്കൊറ്റക്കായാണ് ടി.ഡി.എഫുമായും ബി.എം.എസുമായും ബുധനാഴ്ച മന്ത്രി ചർച്ച നടത്തിയത്. ശമ്പളം ഒറ്റത്തവണയായി നല്‍കണമെന്ന് ഇരു സംഘടനകളും ആവശ്യപ്പെട്ടു. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അതു പരിഗണിക്കാന്‍ കഴിയില്ലെന്ന് മന്ത്രിയും വ്യക്തമാക്കി. സിംഗ്ള്‍ ഡ്യൂട്ടി ഉള്‍പ്പെടെ മാനേജ്മെന്റ് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. പിന്നോട്ടുപോകാനാവില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെയാണ് ചർച്ച വഴിയടഞ്ഞത്. അതേസമയം, പണിമുടക്കിന്റെ കാര്യത്തിൽ സി.ഐ.ടി.യു നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഗഡു സമ്പ്രദായത്തിനെതിരെ യൂനിയനുകൾ ഒന്നടങ്കം പ്രതിഷേധമുയർത്തുന്നതിനിടെ ശനിയാഴ്ചയാണ് പകുതി ശമ്പളം അക്കൗണ്ടിലേക്ക് നൽകി മാനേജ്മെന്റ് തീരുമാനം നടപ്പാക്കിയത്. ശമ്പളം ഒന്നിച്ച് നൽകണമെന്ന് താൽപര്യമുള്ളവർ എഴുതി നൽകണമെന്ന് നേരത്തേ മാനേജ്മെന്റ് നിർദേശം നൽകിയിരുന്നു. എന്നാൽ, ജീവനക്കാരിൽ ആരും ഇങ്ങനെ നൽകിയിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
ജനുവരി മാസത്തെ സർക്കാർ വിഹിതമായ 50 കോടിയിൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയും നീക്കിയിരിപ്പും ചേർത്ത് 40 കോടി രൂപ സമാഹരിച്ചാണ് ശമ്പളത്തിന്റെ പകുതി നൽകിയത്. ബാക്കി ശമ്പളം സർക്കാർ ധനസഹായം ലഭിക്കുന്ന മുറക്ക് നൽകുമെന്ന് മാനേജ്മെന്റ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

