തൃത്താലക്ക് കെഎസ്ആർടിസി ഡിപ്പോ; 12 റൂട്ടുകളിൽ സർവിസ് തുടങ്ങുമെന്ന് വിടി ബൽറാം
text_fieldsവി.ടി. ബൽറാം
കൂറ്റനാട് (പാലക്കാട്): പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡലത്തിൽ കെ.എസ്.ആര്.ടി.സി ഡിപ്പോ തുടങ്ങാന്‍ ധാരണയായെന്ന് വി.ടി. ബല്‍റാം എം.എല്‍.എ അറിയിച്ചു. കൂറ്റനാട് പ്രദേശത്താണ് ഡിപ്പോ ആരംഭിക്കുകയെന്നും അതിനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നതായും എം.എല്‍.എ കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ ഡിപ്പോയിൽ നിന്ന് 12 ഇടങ്ങളിലേക്ക് സര്‍വിസുകള്‍ തുടങ്ങാനാണ് ശ്രമം. ഓരോ എം.എല്‍.എമാരും അതത് ഫണ്ടില്‍ നിന്ന് ഒരു ബസ് സര്‍ക്കാറിന് വാങ്ങിനല്‍കുമെന്ന് ബൽറാം പറഞ്ഞു. ഇത്തരത്തില്‍ മൂന്ന് ബസ് വീതം ഒരു എം.എല്‍.എ വാങ്ങുമെന്നും അതിനായി സര്‍ക്കാര്‍ നിർദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കാൻ വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി. ബൽറാം നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ ആവശ്യം ഉന്നയിച്ചിരുന്നു.
മലബാർ മേഖലയിൽ കെ.എസ്.ആർ.ടി.സി സൗകര്യങ്ങൾ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നുമാണ് ചൂണ്ടിക്കാട്ടിയത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബൽറാം ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ മറുപടി നൽകുകയും ചെയ്തു. നിലവിലെ കണക്കുകൾ പ്രകാരം ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളതെന്നും സർവിസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. മലബാർ മേഖല നേരിടുന്ന യാത്രാ പ്രതിസന്ധിയും വിവേചനവും ഗൗരവമായി കണ്ട് എത്രയുംവേഗം പരിഹാരം കാണുമെന്നും സി.പി. ജോൺ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

