കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ: കാലപ്പഴക്കവും കേടുപാടുകളും 665 ബസുകൾ കട്ടപ്പുറത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ ഗതാഗത സ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ നിരവധി ബസുകൾ കട്ടപ്പുറത്താണെന്ന് വിവരം. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം കോർപ്പറേഷന് കീഴിൽ സ്വിഫ്റ്റ് ഉൾപ്പെടെ ആകെ 5,755 ബസുകളാണ് നിലവിൽ ഉള്ളത്. എന്നാൽ, ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്താണെന്ന് വിവരം.
ബസുകളിൽ ഏറ്റവും കൂടുതൽ ഓർഡിനറി വിഭാഗത്തിലാണുള്ളത്. 2,988 ബസുകൾ. സി.എഫ് റിപ്പയർ, അപകടങ്ങളെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവക്കായി വിവിധ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലുമായി കിടക്കുന്നത് 665 ബസുകളാണ്. ഇതിൽ 281 ഓർഡിനറി ബസുകളും 58 ജെ.എൻ.എൻ.യു.ആർ.എം നോൺ-എ.സി ബസുകളും 50 ഫാസ്റ്റ് പാസഞ്ചർ ബസുകളും ഉൾപ്പെടുന്നു. ഇതുകൂടാതെ ഏഴു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്.
കാലാവധി കഴിഞ്ഞ പഴഞ്ചൻ ബസുകളാണ് സർവിസുകളിൽ ഭൂരിഭാഗവും എന്നതാണ് വസ്തുത. 1,892 ഓർഡിനറി ബസുകളും 22 ജെൻറം വോൾവോ ലോ ഫ്ലോർ എ.സി ബസുകളും ഉൾപ്പെടെ ആകെ 1,914 ബസുകൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ്. കാലപ്പഴക്കം ചെന്നതും അധിക അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതുമായ ബസുകൾ സെൻട്രൽ അല്ലെങ്കിൽ റീജിയണൽ വർക്ക്ഷോപ്പുകൾ മുഖേന വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. ഈ സമിതി നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എം/എസ് എം.എസ്.ടി.സി (M/s MSTC) മുഖേനയാണ് വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള 82 ബസുകൾ സ്ക്രാപ്പ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

