യാത്രക്കിടെ കുഴഞ്ഞുവീണു; യാത്രികന് തുണയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsതിരുവല്ല: ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യാത്രികനെ ഉടനടി ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ(52) യാണ് യഥാസമയം ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്. കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവരാണ് അവസരോചിതമായി പ്രവർത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിൽ വെച്ചായിരുന്നു സംഭവം. കോതമംഗലത്തുനിന്നും തിരവനന്തപുരത്തേക്കുപോവുകയായിരുന്ന സൂപ്പർ എക്‌സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ വെച്ച് കുഴഞ്ഞുവീണതോടെ സഹയാത്രികർ ബസ് ജീവനക്കാരെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു.
മറ്റുവാഹനത്തിന് കാക്കാതെ നേരെ ബസ് തിരുവല്ല ടി.എം.എം. ആശുപത്രിയിലേക്ക് വിട്ടു. വിവരം അറിഞ്ഞ് തിരുവല്ല ഡിപ്പോയിൽ നിന്നുളള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർ നടപടികൾ അവരെ ഏല്പിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. അപകടനില തരണം ചെയ്ത സജുവിനെ ബന്ധുക്കൾ എത്തി നാട്ടിലേക്ക് കൊണ്ടുപോയി.